വിശാഖപട്ടണം ചാരവൃത്തി: ദമ്പതികൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: വിശാഖപട്ടണത്ത് 11 നാവികസേന ഉദ്യോഗസ്ഥർ ഉൾപ്പെട്ട ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തുകയും പണം സമാഹരിച്ച് നൽകുകയും ചെയ്തയാൾ അറസ്റ്റിലായി. മുംബൈ സ്വദേശി അബ്ദുൽ റഹ്മാൻ അബ്ദുൽ ജബ്ബാർ ശൈഖ് (53) ആണ് എൻ.ഐ.എയുടെ പിടിയിലായത്. ഇയാളുടെ ഭാര്യ ഷയ്സ്ത ഖൈസറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാവിക സേനയുെട വിവരങ്ങൾ ചോർത്തി പാകിസ്താൻ ചാര സംഘടനയായ ഐ.എസ്.ഐക്ക് നൽകിയെന്നാണ് കേസ്.
അബ്ദുൽ റഹ്മാെൻറ വീട്ടിൽ നടത്തിയ റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി എൻ.ഐ.എ വക്താവ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ചാരവൃത്തി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഉടൻ എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.
11 നാവികസേന ഉദ്യോഗസ്ഥർ, അബ്ദുൽ റഹ്മാൻ, ഇയാളുടെ പാകിസ്താനിൽ ജനിച്ച ഭാര്യ ഖൈസർ, ഇവരുടെ സഹായികൾ അടക്കം 15 പേരാണ് കേസിൽ അറസ്റ്റിലായത്. പാകിസ്താൻ ചാരന്മാർ ഇന്ത്യയിൽ ഏജൻറുമാരെ റിക്രൂട്ട് ചെയ്യുകയും നാവികസേന യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും നീക്കങ്ങൾ ചോർത്തുകയുമായിരുന്നു.
ഏതാനും നാവിക സേന ഉദ്യോഗസ്ഥർ ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി പാകിസ്താൻ പൗരന്മാരുമായി ബന്ധപ്പെടുകയും സാമ്പത്തിക നേട്ടം ലക്ഷ്യംവെച്ച് രഹസ്യ വിവരങ്ങൾ കൈമാറുകയുമായിരുന്നുവെന്ന് എൻ.ഐ.എ പറഞ്ഞു. പാകിസ്താനിൽ വ്യാപാര താൽപര്യങ്ങളുള്ള ഇന്ത്യക്കാരെ ഉപയോഗിച്ചാണ് നാവികസേന അംഗങ്ങളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്ന് കഴിഞ്ഞമാസം കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.