ജയിലിൽ കഴിയുന്ന എൻജിനീയർ റാഷിദിന്‍റെ സത്യപ്രതിജ്ഞ ജൂലൈ അഞ്ചിന്; എൻ.ഐ.എ അനുമതി നൽകി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ച് വിജയിച്ച സ്വതന്ത്ര എം.പി അബ്ദുൽ റാഷിദ് ശൈഖ് എന്ന എൻജിനീയർ റാഷിദ് ജൂലൈ അഞ്ചിന് ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. എൻജിനീയർ റാഷിദിന് ലോക്സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അനുമതി നൽകി.
ഇതുസംബന്ധിച്ച ഉത്തരവ് ജൂലൈ രണ്ടിന് പട്യാല ഹൗസ് കോടതി ഉത്തരവ് പുറപ്പെടുവിക്കും. മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നതടക്കമുള്ള നിബന്ധനകൾക്ക് വിധേയമായാണ് സത്യപ്രതിജ്ഞ ചെയ്യാൻ എൻ.ഐ.എ അനുവദിച്ചത്. ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യമോ കസ്റ്റഡി പരോളോ വേണമെന്നാണ് എൻജിനീയർ റാഷിദ് ആവശ്യപ്പെട്ടിരുന്നത്.
ജമ്മു-കശ്മീരിലെ ബരാമുല്ലയിൽ നാഷണൽ കോൺഫറസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയെ തോൽപിച്ചാണ് എൻജിനീയർ റാഷിദ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019 മുതൽ തിഹാർ ജയിലിൽ കഴിയുകയാണ് റാഷിദ്.
തീവ്രവാദി സംഘടനകളുടെ ധനസഹായവുമായി ബന്ധപ്പെട്ട് 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ റാഷിദ് ജയിലിൽ നിന്നാണ് പാർലമെന്റിലേക്ക് സ്വതന്ത്രനായി മത്സരിച്ചത്. 1.34 ലക്ഷം വോട്ടിന് വിജയിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ തന്നെ സത്യപ്രതിജ്ഞ ചടങ്ങ് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തിന് ശ്രമിച്ചിരുന്നു. വിഷയത്തിൽ ഡൽഹി കോടതിയെ സമീപിച്ചുവെങ്കിലും കേസ് അന്വേഷിക്കുന്ന എൻ.ഐ.എ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ മറ്റ് എം.പിമാരോടൊപ്പം നിശ്ചയിച്ച സമയത്ത് റാഷിദിന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ല. കഴിഞ്ഞ തിങ്കളാഴ്ച ലോക്സഭയിൽ എം.പിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ അദ്ദേഹത്തിന്റെ പേര് വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കേസ് വീണ്ടും പരിഗണിച്ച കോടതി എൻ.ഐ.എക്ക് നിലപാട് വ്യക്തമാക്കാൻ ജൂലൈ ഒന്നുവരെ സമയം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.