തേജ് ബഹാദൂറിന് വിദേശബന്ധമില്ലെന്ന് എൻ.െഎ.എ
text_fieldsന്യൂഡൽഹി: അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്മാർക്ക് മോശം ഭക്ഷണം നൽകുന്നതിനെക്കുറിച്ച് പരാതിപ്പെട്ട് അച്ചടക്ക നടപടിക്ക് ഇരയായ ബി.എസ്.എഫുകാരൻ തേജ്ബഹാദൂർ സിങ്ങിന് വിദേശബന്ധമുണ്ടോ എന്ന് കണ്ടെത്താനുള്ള എൻ.െഎ.എ ശ്രമം പരാജയം.കരിഞ്ഞ റൊട്ടിയും നീട്ടിക്കലക്കിയ പരിപ്പുകറിയുമായി ദിവസങ്ങൾ തള്ളിനീക്കേണ്ടി വരുന്ന അർധസേനാംഗങ്ങളുടെ ദുരിതാവസ്ഥ വിളിച്ചു പറയുന്ന തേജ്ബഹാദൂറിെൻറ വീഡിയോ ചിത്രം കഴിഞ്ഞ വർഷം ചൂടേറിയ ചർച്ചക്ക് ഇടയാക്കിയിരുന്നു.
ജവാനെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചതിനു പിന്നിൽ വിദേശ കരങ്ങളുണ്ടോ എന്ന് കണ്ടെത്താനാണ് ദേശീയ അന്വേഷണ ഏജൻസി ശ്രമം നടത്തിയത്. ജവാെൻറ സോഷ്യൽ മീഡിയ ഇടപെടലുകൾ, ഫോൺ വിളികളുടെ രേഖകൾ തുടങ്ങിയവ എൻ.െഎ.എ അരിച്ചു പെറുക്കി. എന്നാൽ സംശയാസ്പദമായ ഒന്നും കിട്ടിയില്ല. ജോലി നഷ്ടപ്പെട്ട തേജ് ബഹാദൂർ, സർവിസിൽ തിരിച്ചെടുക്കുന്നതിന് പഞ്ചാബ്, ഹരിയാന ഹൈേകാടതിയിൽ നൽകിയ ഹരജിയുമായി ബന്ധപ്പെട്ട് എൻ.െഎ.എ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ വിഡിയോ പുറത്തുവന്നതിനു പിന്നാലെ ബി.എസ്.എഫ് ഡയറക്ടർ ജനറൽ കെ.കെ. ശർമയാണ് എൻ.െഎ.എ അന്വേഷണം ആവശ്യപ്പെട്ടതെന്ന് രേഖകളിൽ പറയുന്നു.
തേജ് ബഹാദൂർ നൽകിയ പരാതിയിൽ നിലപാട് അറിയിക്കാൻ ബി.എസ്.എഫിനും കേന്ദ്രത്തിനും ഹൈകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കിട്ടുന്ന ഭക്ഷണത്തിെൻറ അവസ്ഥ മുതിർന്ന ഒാഫിസർമാരെ ബോധ്യപ്പെടുത്താനാണ് വിഡിയോ ചിത്രമെടുത്തതെന്ന് തേജ്ബഹാദൂറിെൻറ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. എന്നാൽ സഹപ്രവർത്തകർ ഇൗ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ കയറ്റിവിട്ടത് തേജ് ബഹാദൂർ അറിഞ്ഞില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.