കോയമ്പത്തൂർ കാർ സ്ഫോടനക്കേസ്: നാല് സംസ്ഥാനങ്ങളിൽ വ്യാപക റെയ്ഡ്, കേരളത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ
text_fieldsകോയമ്പത്തൂർ: ഉക്കടം കാർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും അടക്കം നാല് സംസ്ഥാനങ്ങളിലെ 60ഓളം കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പരിശോധന നടത്തി. ബുധനാഴ്ച രാവിലെ ആറുമുതലാണ് നൂറുകണക്കിന് ഉദ്യോഗസ്ഥർ ഒരേസമയം വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയത്. ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ, ഇസ്ലാമിക പ്രസിദ്ധീകരണങ്ങൾ, മറ്റു രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു.
കോയമ്പത്തൂർ മേഖലയിൽ 15ഓളം കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
ഇതേ കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ നേരത്തേയും വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
ഒക്ടോബർ 23നാണ് കോയമ്പത്തൂർ നഗരത്തിലെ ഉക്കടംകോട്ടൈ ഈശ്വരൻ ക്ഷേത്രത്തിനുമുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച കാറിൽ സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന ജമേഷ മുബീൻ കൊല്ലപ്പെട്ടു. കേസിൽ 11 പേർ അറസ്റ്റിലായിരുന്നു. ജമേഷ മുബീന് ഐ.എസുമായി ബന്ധമുണ്ടായിരുന്നതായും ഇവർ വെളിപ്പെടുത്തി.
തമിഴ്നാട്ടിൽ ചെന്നൈ, തിരുനെൽവേലി, കോയമ്പത്തൂർ, മയിലാടുതുറൈ, നാഗർകോവിൽ, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളിലായി 40ഓളം വീടുകളിലാണ് മിന്നൽപരിശോധന നടന്നത്.
കേരളത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ പണമിടപാട് നടത്തുന്നയാൾ അടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ആലുവ ഡിവൈ.എസ്.പി ഓഫിസിനടുത്ത് താമസിക്കുന്ന അശോകൻ, കരുമാല്ലൂർ വേഴപ്പിള്ളി കിടങ്ങാമ്പിള്ളി വീട്ടിൽ റിയാസ്, തോപ്പുംപടി വാലുമ്മൽ പാലത്തിനുസമീപം വാടകക്ക് താമസിക്കുന്ന സിറാജ് മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അശോകന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് രേഖകളും മറ്റ് സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറികളും പിടിച്ചെടുത്തു. ആലുവ സെമിനാരി പടിക്കടുത്ത് മൂൺ ലൈറ്റ് അപ്പാർട്ട്മെന്റിൽ വാടകക്ക് താമസിക്കുന്ന സീനുമോൻ എന്ന സൈനുദ്ദീന്റെ വീട്ടിലും റെയ്ഡ് നടത്തി. പാനായിക്കുളം സ്വദേശിയായ ഇയാൾ ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായിരുന്നെങ്കിലും കോടതി വെറുതെവിട്ടു. ഇയാളുടെ മൊബൈൽ പിടിച്ചെടുത്തു. വ്യാഴാഴ്ച കൊച്ചി എൻ.ഐ.എ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പറവൂർ കരുമാല്ലൂർ വെളിയത്തുനാട് കേന്ദ്രീകരിച്ച് ബുധനാഴ്ച രാവിലെ നടത്തിയ റെയ്ഡിലാണ് വെൽഫെയർ വില്ലയിലെ വേഴപ്പിള്ളി കിടങ്ങാമ്പിള്ളി വീട്ടിൽ റിയാസിനെ (48) കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച പുലർച്ച നാലോടെയാണ് എൻ.ഐ.എ സംഘം സിറാജിനെ കൊണ്ടുപോയത്. റെയ്ഡ് നടന്ന ഇടങ്ങളില്‍നിന്ന് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. 2022 ഒക്ടോബര്‍ 23ന് കോയമ്പത്തൂര്‍ കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് മുന്നില്‍ നടന്ന ബോംബ് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു. ഈ കേസിലെ പ്രതി മുഹമ്മദ് ഷരീഖ് കേരളത്തില്‍ എത്തിയ ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.