‘ഇശ്റത് ജഹാൻ ഏറ്റുമുട്ടൽ’രചയിതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്
text_fieldsമുംബൈ: ഗുജറാത്തിൽ നടന്ന ഇശ്റത് ജഹാൻ ‘ഏറ്റുമുട്ടൽ’ കൊലപാതകത്തെ കുറിച്ച് പുസ്തകമെഴുതിയ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അബ്ദുൽ വാഹിദ് ശൈഖിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. 2006 ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ ഒമ്പത് വർഷത്തെ ജയിൽവാസത്തിന് ശേഷം മകോക കോടതി കുറ്റമുക്തനാക്കിയ അബ്ദുൽ വാഹിദ് ശൈഖ് തീവ്രവാദ കേസുകളിൽ ജയിലിൽ കഴിയുന്ന നിരപരാധികൾക്കായി നിയമസഹായം ചെയ്തുവരുകയാണ്.
ബുധനാഴ്ച പുലർച്ച അഞ്ചിനാണ് പൊലീസിനൊപ്പം എൻ.ഐ.എ വിക്രോളിയിലെ വാഹിദിന്റെ വീട്ടിലെത്തിയത്. വാറന്റോ വന്നവരുടെ തിരിച്ചറിയൽ കാർഡോ കാണിക്കാത്തതിനാൽ വാഹിദ് വാതിൽ തുറന്നില്ല. പൊലീസ് കമീഷണറെയും മാധ്യമങ്ങളെയും വാഹിദ് വിവരമറിയിക്കുകയും ചെയ്തു. രാവിലെ 11 ഓടെ എൻ.ഐ.എ ഓഫിസിൽനിന്ന് വാറന്റ് എത്തിച്ചതോടെ റെയ്ഡിന് വാഹിദ് വഴങ്ങി. നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു. 2015ലാണ് ട്രെയിൻ സ്ഫോടന കേസിൽ വാഹിദിനെ കോടതി കുറ്റമുക്തനാക്കിയത്. അന്നുതൊട്ട് ഇടക്കിടെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് മുമ്പിൽവെച്ച് ചോദ്യംചെയ്യുന്നതടക്കം പൊലീസിന്റെ പീഡനം തുടരുന്നതായി വാഹിദ് ആരോപിച്ചിരുന്നു.
അധ്യാപകനായ വാഹിദ് ജയിലിലിരിക്കെ നിയമപഠനം നടത്തി. നിലവിൽ പിഎച്ച്.ഡിക്കായി ശ്രമിക്കുന്നു. സ്വന്തം ജീവിത കഥയായ ‘ബേഗുണ കൈദി’ എന്ന പുസ്തകമാണ് ആദ്യം രചിച്ചത്. ഇത് സിനിമയായി. ‘ഇശ്റത് ജഹാൻ എൻകൗണ്ടർ ’ എന്ന പേരിലുള്ള ഉർദു ബുക്ക് ജനുവരിയിലാണ് പുറത്തിറങ്ങിയത്. സർക്കാർ വിരുദ്ധമെന്ന് പറഞ്ഞ് പുസ്തകത്തിന്റെ പ്രകാശന, ചർച്ചവേദികൾക്ക് മഹാരാഷ്ട്ര അനുമതി നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.