ഐ.എസ് സംഘം കേരളവും സന്ദർശിച്ചതായി എൻ.ഐ.എ
text_fieldsമുംബൈ: പുണെയിൽ പിടിയിലായ ഐ.എസ് സംഘം കേരളവും സന്ദർശിച്ചതായി ആരോപണം. കഴിഞ്ഞ ശനിയാഴ്ച പ്രത്യേക എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച 4000 പേജുകളുള്ള കുറ്റപത്രത്തിലാണ് ആരോപണം.
മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലേക്ക് പ്രതികൾ ബൈക്ക് യാത്ര നടത്തിയെന്നും ഒളിത്താവളം, പരിശീലന ക്യാമ്പിനും സ്ഫോടന പരിശീലനത്തിനും പറ്റിയ സ്ഥലങ്ങൾ കണ്ടെത്തുക, ആക്രമണ സ്ഥലങ്ങൾ നിശ്ചയിക്കുക എന്നിവയായിരുന്നു യാത്രാ ലക്ഷ്യമെന്നുമാണ് ആരോപണം.
പിടിച്ചെടുത്ത ഫോണുകൾ, ലാപ്ടോപ്പുകൾ, ഡ്രോണുകൾ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് സുപ്രധാന കേന്ദ്രങ്ങൾ പ്രതികൾ സന്ദർശിച്ചതായി കണ്ടെത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. വിദേശത്തുള്ളവരുമായി പ്രതികൾ വിവരങ്ങൾ കൈമാറിയതായും എൻ.ഐ.എ ആരോപിച്ചു.
വാഹനമോഷണ കേസിൽ ഇമ്രാൻ ഖാൻ (22), യൂനുസ് സാക്കി (27), ഷാനവാസ് ആലം (31) എന്നിവരെ പിടികൂടുകയായിരുന്നു. ഷാനവാസ് പിന്നീട് കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞു. ഇവരുടെ താമസസ്ഥലങ്ങളിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതോടെയാണ് ആദ്യം മഹാരാഷ്ട്ര എ.ടി.എസും പിന്നീട് എൻ.ഐ.എയും കേസ് ഏറ്റെടുത്തത്. പിന്നീട് അഞ്ചുപേർ കൂടി പിടിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.