സ്റ്റാൻ സ്വാമിക്ക് സ്ട്രോ നൽകുന്നില്ലെന്ന ആരോപണം നിഷേധിച്ച് ജയിലധികൃതർ
text_fieldsമുംബൈ: മാവോവാദി ബന്ധം ആരോപിച്ച് ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിക്ക് കുടിക്കാൻ സ്ട്രോയും കപ്പും നൽകുന്നില്ലെന്ന ആരോപണം നിേഷധിച്ച് ജയിലധികൃതർ.അറസ്റ്റിലായ പിറ്റേ ദിവസം മുതൽ സ്വാമിക്ക് കപ്പും സ്ട്രോയും നൽകിവരുന്നുണ്ടെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും നവിമുംബൈയിലെ തലോർ ജയിലധികൃതർ.കപ്പും സ്ട്രോയും മാത്രമല്ല, വീൽചെയറും വാക്കിങ് സ്റ്റിക്കും വാക്കറും രണ്ട് സഹായികളെയും അനുവദിച്ചിട്ടുണ്ടെന്നും ജയിൽ അധികൃതർ. 83കാരനായ അദ്ദേഹം പാർക്കിൻസൺ രോഗിയാണെന്ന് അറിയാമെന്നും അങ്ങനെയൊരാൾക്ക് അത്യാവശ്യമുള്ള സാധനങ്ങൾ എന്തിനാണ് തങ്ങൾ നിഷേധിക്കുന്നതെന്നുമാണ് ജയിൽ അധികൃതരുടെ വാദം.
അതിനിടയിൽ, ഡൽഹിയിലെ ചില അഭിഭാഷകർ കപ്പും സ്ട്രോയുമടങ്ങിയ പാർസലും കത്തും ജയിലിലേക്ക് അയച്ചുകൊടുത്തു. പ്രത്യേക പരിഗണന വേണ്ടവരുടെ കാര്യത്തിൽ ജയിൽചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് വേദനിപ്പിക്കുന്നതാണെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നവർക്ക് വെള്ളം കുടിക്കാൻ പോലും അവകാശമില്ലെന്നാണ് ചിലരുടെ വിചാരം. ഭരണഘടന മൂല്യങ്ങൾപോലും അവമതിക്കപ്പെടുകയാണെന്നും കത്തെഴുതിയ അഭിഭാഷക നന്ദിത റാവു പറഞ്ഞു.
ജസ്യൂട്ട് ക്രിസ്ത്യൻ സഭയിലെ പുരോഹിതനാണ് തമിഴ്നാട്ടുകാരനായ സ്റ്റാൻ സ്വാമി. ഝാർഖണ്ഡിലെ അവികസിത മേഖലകളിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ഈ 83കാരനെ ഇക്കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ഭീമ-കൊറേഗാവ് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘം യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. പാർകിൻസൺ അസുഖംമൂലം കൈവിറയലുള്ള സ്വാമിക്ക് വെള്ളം കുടിക്കണമെങ്കിൽ സ്ട്രോ കൂടിയേ തീരൂ. അറസ്റ്റ് ചെയ്ത സമയത്ത് തെൻറ പക്കൽനിന്ന് പിടിച്ചെടുത്ത സ്ട്രോയും കപ്പും തിരികെ നൽകണമെന്നാവശ്യപ്പെട്ട് സ്വാമി നൽകിയ ഹരജി എൻ.ഐ.എ കോടതി കഴിഞ്ഞ വ്യാഴാഴ്ച തള്ളിയിരുന്നു. കുടിവെള്ള ഉപകരണങ്ങൾ പിടിച്ചെടുത്തെന്ന റിപ്പോർട്ട് വ്യാജവും വസ്തുത വിരുദ്ധവുമാണെന്നാണ് എൻ.ഐ.എ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.