യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം എൻ.ഐ.എ അന്വേഷിക്കും
text_fieldsമംഗളൂരു: സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം എൻ.ഐ.എക്ക് കൈമാറാൻ കർണാടക സർക്കാർ തീരുമാനിച്ചു. കേസിന്റെ സ്വഭാവം പരിഗണിച്ചാണ് എൻ.ഐ.എക്ക് കൈമാറുന്നതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.
കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാക്കിർ, മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. 21ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേരള രജിസ്ട്രേഷന്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് കൊലപാതകം നടത്തിയത്. കാസര്‍കോട്ടേക്കും കണ്ണൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബൈക്ക് കര്‍ണാടക പൊലീസിന്‍റെ കസ്റ്റഡിയിലാണ്.
നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരില്‍ കൊല്ലപ്പെട്ട കനയ്യ ലാലിനെ പിന്തുണച്ച് പ്രവീണ്‍ നെട്ടാരു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19കാരന്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പ്രതികാരമാണോ കൊലപാതകമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി ഉഡുപ്പി സൂറത്കലിൽ യുവാവിനെ നാലംഗ സംഘം കടയിൽ കയറി വെട്ടിക്കൊന്നിരുന്നു. രാത്രി ഒമ്പതോടെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ഫാസിൽ എന്ന 30കാരനെ വെട്ടിക്കൊന്നത്. ഇതോടെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.