ഇന്ത്യ നാടുകടത്തിയ വിദേശികളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് നൈജീരിയക്കാർ: ബംഗ്ലാദേശികൾ രണ്ടാമത്; വരും വർഷങ്ങളിൽ പുറത്താക്കൽ കടുക്കും
text_fieldsന്യൂഡൽഹി: 2017 മുതൽ ഇന്ത്യയിൽനിന്ന് നാടുകടത്തപ്പെട്ടവരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് നൈജീരിയൻ വംശജർ. 2024 സാമ്പത്തിക വർഷത്തിൽ മൊത്തം നാടുകടത്തലിന്റെ 63 ശതമാനവും നൈജീരിയക്കാരായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ‘മണികൺട്രോൾ’ ഏജൻസിയുടെ വിശകലനം പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആകെ 2,331 പേരെ നാടുകടത്തി. ഇതിൽ 1,470 പേർ നൈജീരിയയിൽ നിന്നുള്ളവരും 411 പേർ ബംഗ്ലാദേശിൽ നിന്നുള്ളവരും 78 പേർ ഉഗാണ്ടയിൽ നിന്നുള്ളവരുമാണ്.
മണികൺട്രോളിന്റെ വിശകലനം അനുസരിച്ച്, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് നാടുകടത്തപ്പെട്ട വിദേശികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. 2014നും 2024 നും ഇടയിൽ ഇന്ത്യയിൽനിന്ന് ആകെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 15,000ൽ താഴെയായി. 2010നും 2013നും ഇടയിൽ മാത്രം ഏകദേശം 30,000 പേരെ ഇന്ത്യയിൽ നിന്ന് നാടുകടത്തി. 2019 ൽ 1,580 പേരെയും 2018 ൽ 1,731 പേരെയും മാത്രമാണ് ഇന്ത്യയിൽ നിന്ന് നാടുകടത്തിയത്.
2020ൽ, കോവിഡ് മൂലമുണ്ടായ അതിർത്തി കടന്നുള്ള യാത്രാ നിയന്ത്രണങ്ങൾ കാരണം 258 പേരെ മാത്രമേ നാടുകടത്തിയിട്ടുള്ളൂ. ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ പാസാക്കുന്നതോടെ വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള നാടുകടത്തലുകൾ വർധിക്കും.
സെക്ഷൻ 7 പ്രകാരം വിദേശ പൗരന്മാരുടെ മേൽ കേന്ദ്ര സർക്കാറിന് വിശാലമായ അധികാരം ബിൽ നൽകുന്നു. വിദേശികൾ പ്രത്യേക വ്യവസ്ഥകളിൽ നിയുക്ത റൂട്ടുകൾ, തുറമുഖങ്ങൾ അല്ലെങ്കിൽ സ്ഥലങ്ങൾ വഴി മാത്രമേ ഇന്ത്യയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയൂ എന്ന് ഇത് നിഷ്കർഷിക്കുന്നു.
വിദേശ പൗരന്മാർക്ക് ഇന്ത്യക്കുള്ളിൽ താമസിക്കാൻ കഴിയുന്ന സ്ഥലങ്ങളും നിയന്ത്രിക്കുന്നു. കുടിയേറ്റ നയങ്ങൾ നവീകരിക്കുന്നതിനും ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ വിദേശ സഞ്ചാരികളെയും താമസക്കാരെയും കൈകാര്യം ചെയ്യുന്നതിന് കൂടുതൽ കാര്യക്ഷമമായ സംവിധാനം സൃഷ്ടിക്കുന്നതിനും ആവശ്യമായ നടപടിയായി സർക്കാർ പ്രസ്തുത ബില്ലിനെ ന്യായീകരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.