'രാത്രി സംസ്കാരമാണ് അവരെ എം.എൽ.എ ആക്കിയത്'; കോൺഗ്രസ് വനിത എം.എൽ.എക്കെതിരെ മോശം പരാമർശവുമായി ബി.ജെ.പി നേതാവ്
text_fieldsബംഗളൂരു: കോൺഗ്രസ് നേതാവും ബെളഗാവി റൂറൽ എം.എൽ.എയുമായ ലക്ഷ്മി ഹെബ്ബാൾക്കറിനെതിരെ അപകീർത്തികരമായ പ്രസ്താവനയുമായി ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ സഞ്ജയ് പാട്ടീൽ രംഗത്ത്. 'രാത്രി സംസ്കാരത്തി'ലൂടെയാണ് ലക്ഷ്മി ഹെബ്ബാൾക്കർ എം.എൽ.എ ആയതെന്നായിരുന്നു സഞ്ജയ് പാട്ടീലിന്‍റെ വിവാദ പരാമർശം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 51,727 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ബി.ജെ.പി ജില്ല അധ്യക്ഷനായ സഞ്ജയ് പാട്ടീൽ രാത്രി സംസ്കാരം എന്ന് തുടർച്ചയായി പറഞ്ഞുകൊണ്ട് വനിത രാഷ്ട്രീയ നേതാവിന്‍റെ സ്വഭാവത്തെയാണ് ലക്ഷ്യംവെക്കുന്നതെന്നായിരുന്നു ലക്ഷ്മി ഹെബ്ബാൾക്കറുടെ പ്രതികരണം.
പൊതുജനങ്ങളെ ഇത്തരം പ്രസ്താവനയിലൂടെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് രാഷ്ട്രീയത്തിൽ വനിതകൾ ഉണ്ടാകരുതെന്നു പറയാതെ പറയുകയാണെന്നും അവർ പറഞ്ഞു. മൂന്നു വനിത എം.എൽ.എമാരുള്ള ബി.ജെ.പി സഞ്ജയ് പാട്ടീലിനെ അനുകൂലിക്കുന്നുണ്ടോയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലും പ്രതികരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
സഞ്ജയ് പാട്ടീലിെൻറ വിവാദ പ്രസ്താവനക്കെതിരെ കന്നഡ നടൻ ചേതൻ അഹിംസ ഉൾപ്പെടെയുള്ള നിരവധിപേർ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഒരു പാർട്ടിയിലെയും വനിത രാഷ്ട്രീയ നേതാവും ഇത്തരം അപകീർത്തികരമായ പ്രസ്താവന അർഹിക്കുന്നില്ലെന്നും സഞ്ജയ് പാട്ടീലിനോട് മാപ്പുപറയാൻ മുഖ്യമന്ത്രി നിർദേശിക്കണമെന്നും േചതൻ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.