ബംഗളൂരു ഉൾപ്പെടെ കർണാടകയിലെ എട്ടു നഗരങ്ങളിൽ രാത്രി കർഫ്യു
text_fieldsബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ കർണാടകയിലെ ബംഗളൂരു ഉൾപ്പെടെ ഏട്ടു നഗരങ്ങളിൽ രാത്രി കർഫ്യു ഏർപ്പെടുത്തി സർക്കാർ. ഏപ്രിൽ പത്തു മുതൽ 20 വരെ രാത്രി പത്തു മുതൽ പുലർച്ചെ അഞ്ചു വരെയായിരിക്കും രാത്രി കർഫ്യു ബാധകമാകുക.
ബംഗളൂരു, മൈസൂരു, മംഗളൂരു, കലബുറഗി, ബീദർ, തുമകുരു, ഉഡുപ്പി, മണിപ്പാൽ എന്നീ എട്ടു നഗരങ്ങളിലായിരിക്കും രാത്രി കർഫ്യൂ ഏർപ്പെടുത്തുക. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വീഡിയോ കോൺഫറൻസ് വഴി നടത്തിയ യോഗത്തിന് ശേഷമാണ് രാത്രി കർഫ്യു ഏർപ്പടുത്താൻ തീരുമാനിച്ചത്.
രാത്രി കർഫ്യുവിൽ അവശ്യ സർവിസ് മാത്രമായിരിക്കും അനുവദിക്കുക. ജില്ല ആസ്ഥാനങ്ങളിലാണ് നിയന്ത്രണമെന്നും പകൽ സമയത്ത് നിയന്ത്രണമില്ലെന്നും ലോക്ഡൗൺ അല്ലെന്നും യെദിയൂരപ്പ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന കൊറോണ കർഫ്യു ആണെന്നും നിയന്ത്രണ വിധേയമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി നിയന്ത്രണം വ്യാപിപ്പിക്കേണ്ടി വരുമെന്നും യെദിയൂരപ്പ പറഞ്ഞു.
മാസ്ക് ധരിക്കാത്തവരിൽനിന്ന് 250 രൂപ പിഴയീടാക്കും. കർഫ്യു സമയത്ത് അവശ്യ സർവിസിൽ ഉൾപ്പെടാത്ത വ്യാപാര സ്ഥാപനങ്ങൾ അടച്ചിടണം. പൊതുപരിപാടികൾക്കും ആഘോഷങ്ങൾക്കും വിലക്കുണ്ട്. ഏപ്രിൽ 11 മുതൽ 14 വരെ വാക്സിനേഷൻ ഡ്രൈവ് നടത്തും. പ്രതിദിന പരിശോധന 1.20 ലക്ഷത്തിന് മുകളിലായി. ഇതുവരെ 53 ലക്ഷം പേർക്ക് സംസ്ഥാനത്ത് വാക്സിൻ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.