നിജ്ജാർ ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് രേഖ
text_fieldsന്യൂഡൽഹി: കാനഡയിൽ കൊല്ലപ്പെട്ട ഖാലിസ്താൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ പഞ്ചാബിൽ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ രേഖ. പാകിസ്താനിൽ ആയുധ പരിശീലനം നേടിയതായും ആക്രമണത്തിന് പണം കണ്ടെത്താൻ മയക്കുമരുന്നും ആയുധങ്ങളും കടത്തിയതായും രേഖയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഞ്ചാബ് ജലന്ധറിലെ ഭർസിങ്പുര നിവാസിയായ നിജ്ജാർ ചെറുപ്പം മുതൽ ഗുണ്ടാസംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്നു. 1980 മുതൽ ഖാലിസ്താൻ കമാൻഡോ ഫോഴ്സിലും അംഗമായിരുന്നു. നിരവധി തീവ്രവാദ കേസുകളിൽ അകപ്പെട്ടതോടെ 1996ൽ വ്യാജ പാസ്പോർട്ടിൽ കാനഡയിലേക്ക് കടന്നു. അവിടെ ട്രക്ക് ഡ്രൈവറായി ജോലിക്ക് ചേർന്നു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്താൻ ടൈഗർ ഫോഴ്സ് മേധാവി ജഗ്തർ സിങ് താരയുമായി പരിചയപ്പെട്ട നിജ്ജാർ 2012 ഏപ്രിലിൽ അവിടെയെത്തി ആയുധ പരിശീലനം നേടി. ഇരുവരും ചേർന്ന് പഞ്ചാബിൽ ആക്രമണത്തിന് പദ്ധതിയിട്ടു. ഇതിന് പണം കണ്ടെത്താൻ മയക്കുമരുന്ന്- ആയുധക്കടത്തിൽ ഏർപ്പെട്ടു. ഇതിനൊപ്പം കാനഡയിൽ ഗുണ്ടാസംഘവും രൂപവത്കരിച്ചു. മൻദീപ് സിങ് ധലിവാൾ, സരബ്ജിത് സിങ്, അനുപ്‍വീർ സിങ്, ദർശൻ സിങ് (ഫൗജി) എന്നിവർ ഇതിൽ അംഗങ്ങളായിരുന്നു. ബ്രിട്ടീഷ് കൊളംബിയയിൽ ഇവർക്ക് ആയുധപരിശീലനവും നൽകി.
2014ൽ ഹരിയാനയിലെ ദേര സച്ച സൗദ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നിജ്ജാറിന് ഇന്ത്യയിലെത്താൻ കഴിയാതിരുന്നതിനാൽ ആസൂത്രണം പാളി. തുടർന്ന് പഞ്ചാബ് മുൻ ഡി.ജി.പി മുഹമ്മദ് ഇസ്ഹർ ആലം, പഞ്ചാബിലെ ശിവസേന നേതാവ് നിശാന്ത് ശർമ, ബാബ മൻസിങ് തുടങ്ങിയവരെ വധിക്കാൻ പദ്ധതിയിട്ടു. പഞ്ചാബിലെ മാഫിയ തലവൻ അർശ്ദീപ് സിങ് ഗില്ലുമായും നിജ്ജാർ ബന്ധം സ്ഥാപിച്ചിരുന്നു. 2020ൽ മനോഹർ ലാൽ അറോറയെ വെടിവെച്ചുകൊല്ലാൻ പണം നൽകിയത് നിജ്ജാറാണ്. കാനഡയിലിരുന്ന് ഇന്ത്യയിലെ വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു നിജ്ജാറെന്ന് രഹസ്യരേഖ പറയുന്നു. ജൂൺ 18ന് കാനഡ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് സമീപമാണ് നിജ്ജാർ വെടിയേറ്റ് മരിച്ചത്.
കൊലപാതകത്തിൽ ഇന്ത്യൻ ഏജൻറുമാർക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. ആരോപണം അസംബന്ധമെന്ന് വിശേഷിപ്പിച്ച ഇന്ത്യ, ഇതുസംബന്ധിച്ച ഒരുവിവരവും കാനഡ കൈമാറിയിട്ടില്ലെന്നും വിശദീകരിച്ചു. ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കുകയും കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.