ടൂൾ കിറ്റ് തയാറാക്കിയത് പരിസ്ഥിതി കൂട്ടായ്മയെന്ന്് നികിത ജേക്കബ്; ഡൽഹി പൊലീസ് മുംബൈയിൽ
text_fieldsന്യൂഡൽഹി: കാലവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗുമായി ബന്ധെപ്പട്ട ടൂൾ കിറ്റ് കേസിൽ അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന്‍റെ മൊഴി പുറത്ത്. കർഷക സമരവുമായി ബന്ധപ്പെട്ട് തയാറാക്കിയ ടൂൾ കിറ്റ് ഗ്രെറ്റ തുൻബർഗിന് കൈമാറിയത് താനല്ലെന്നാണ് നികിത ജേക്കബ് മൊഴി നൽകിയത്. ടൂൾ കിറ്റ് തയാറാക്കിയത് താൻ അംഗമായ പരിസ്ഥിതി കൂട്ടായ്മയാണ്. കർഷക സമരത്തെ ബോധവൽകരിക്കാനാണിതെന്നും നികിത ജേക്കബ് പറയുന്നു.
ടൂൾ കിറ്റ് കേസിൽ ബോംബെ ഹൈകോടതി അഭിഭാഷക നികിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് തിങ്കളാഴ്ച പുറപ്പെടുവിച്ചിരുന്നു. ഡൽഹി പൊലീസിന്‍റെ അഭ്യർഥനയിൽ ഡൽഹി ഹൈകോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ടൂൾ കിറ്റ് കേസിൽ 21കാരിയായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിന് പിന്നാലെയാണ് നികിതക്കെതിരായ ജാമ്യമില്ല അറസ്റ്റ് വാറണ്ട്. നികിതയെയും ശാന്തനുവിനെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് മുംബൈയിൽ എത്തിയിട്ടുണ്ട്.
ദിശ രവി, നികിത ജേക്കബ്, ശാന്തനു മുകുൾ എന്നിവർ ചേർന്നാണ് ടൂൾ കിറ്റ് തയാറാക്കിയതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ശാന്തനുവിന്‍റെ ഇമെയിൽ ഐ.ഡി ഉപയോഗിച്ചാണ് കിറ്റ് തയാറാക്കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. നികിതയുടെയും ശാന്തനുവിന്‍റെയും വീടുകളിൽ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. നികിതയുടെ വീട്ടിൽ നിന്ന് രണ്ട് ലാപ് ടോപ്പുകളും ഒരു ഐഫോണും പിടിച്ചെടുത്തു. ഇതിൽ ഐഫോണിലെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പയിന്റെ ഇന്ത്യയിലെ സ്ഥാപക പ്രവർത്തകരിലൊരാളായ ദിശ രവിയെ (21) ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടിൽ നിന്ന് ശനിയാഴ്ച രാവിലെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈകീട്ട് ആറിനുള്ള വിമാനത്തിൽ ഡൽഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾ കിറ്റുമായി (ഗൂഗ്ൾ ഡോക്യുമെന്റ്) ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്. കേസിലെ ആദ്യത്തെ അറസ്റ്റ് ദിശയുടേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.