'ഗ്രെറ്റ ടൂൾ കിറ്റ്' നിർമിച്ചത് ദിശയും മറ്റ് രണ്ട് പേരും ചേർന്ന്, ഇന്ത്യയെ താറടിച്ച് കാണിക്കലാണ് ലക്ഷ്യമിട്ടതെന്നും പൊലീസ്
text_fieldsന്യൂഡൽഹി: ഗ്രെറ്റ തുൻബർഗ് ടൂൾ കിറ്റ് കേസിൽ ഇന്നലെ ബംഗളൂരുവിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയും, നികിത ജേക്കബ്, സഹപ്രവർത്തകനായ ശന്തനു എന്നിവരും ചേർന്നാണ് ടൂൾ കിറ്റ് ഡോക്യുമെന്‍റ് നിർമിച്ചതെന്ന് ഡൽഹി പൊലീസ്. ദിശ ടെലഗ്രാം ആപ്പിലൂടെ ടൂൾ കിറ്റ് ഗ്രെറ്റ് തുൻബർഗിന് അയച്ചുനൽകിയെന്നും പൊലീസ് പറയുന്നു.
ലോകത്തിന് മുന്നിൽ ഇന്ത്യയെ താറടിച്ചു കാണിക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സൈബർ സെൽ ജോയിന്‍റ് കമീഷണർ പ്രേംനാഥ് പറഞ്ഞു. ടൂൾകിറ്റ് വ്യാപകമാക്കാനായി ദിശ വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും പിന്നീട് ഇത് ഡിലീറ്റ് ചെയ്തതായും പൊലീസ് അവകാശപ്പെടുന്നു.
നികിതയുടെ വീട് ഫെബ്രുവരി 11ന് റെയ്ഡ് നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കാനഡയിലുള്ള പുനീത് എന്ന സ്ത്രീ വഴി മൂവരും ഖലിസ്ഥാൻ അനുകൂല സംഘടനയുമായി ബന്ധപ്പെട്ടിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് പ്രമുഖ പരിസ്ഥിതി പ്രവർത്തകയും വിദ്യാർഥിയുമായ ദിശ രവിയെ ബംഗളൂരുവിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റാണിത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്. ദിശയെ പൊലീസ് ലക്ഷ്യമിട്ടിരുന്നെന്നും നേരത്തെ തന്നെ കേസിൽ പ്രതിചേർക്കാൻ ശ്രമം നടന്നിരുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്.
ഓൺലൈനിൽ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ ഡോക്യുമെന്‍റിനെയാണ് ടൂൾകിറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പ്രശ്നം വിശകലനം ചെയ്യാനും പരിഹാരം കാണാനും ഉള്ള വഴികൾ ടൂൾകിറ്റിൽ വിശദീകരിക്കും. ഇത്തരത്തിൽ, ഇന്ത്യയിലെ കർഷക സമരത്തെ ഏതെല്ലാം വിധത്തിൽ പിന്തുണക്കാമെന്നും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം സജീവമാക്കാമെന്നും വിശദീകരിക്കുന്നതാണ് ഗ്രെറ്റ ടൂൾകിറ്റ്. ഗ്രെറ്റ തുൻബർഗ് ഇത് ട്വിറ്ററിൽ ഷെയർ ചെയ്തെങ്കിലും അൽപസമയത്തിന് ശേഷം പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.