നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മെയ് മാസത്തിൽ നടക്കുമെന്ന് സൂചന; ഒരുങ്ങാൻ നിർദേശം നൽകി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsനിലമ്പൂർ: നിലമ്പൂർ ഉൾപ്പെടെ രാജ‍്യത്തെ ആറു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർപട്ടിക മേയ് അഞ്ചിന് പ്രസിദ്ധീകരിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് നിർദേശം നൽകി. തെരഞ്ഞെടുപ്പ് മേയ് അവസാനം നടക്കുമെന്നാണ് സൂചന. തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും.
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിന് കോൺഗ്രസ് എ.പി. അനിൽകുമാർ എം.എൽ.എക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിനും അതാത് പാർട്ടികൾ ചുമതല നൽകി. വ‍്യാഴാഴ്ച എ.പി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ നിലമ്പൂരിൽ യോഗം ചേർന്നു. കെ.സി. വേണുഗോപാലിന്‍റെ വിശ്വസ്തനായ എ.പി. അനിൽകുമാറിനെ ചുമതല ഏൽപ്പിച്ചത് ഹൈകമാൻഡ് നിർദേശപ്രകാരമാണ്. ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയിയോ കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്തോ ആയിരിക്കും സ്ഥാനാർഥി. സി.പി.എമ്മിൽ ‘സർപ്രൈസ്’ സ്ഥാനാർഥിയാകുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.
യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ‍്യാപിച്ച ശേഷമാകും ഇടതുപക്ഷം സ്ഥാനാർഥിയെ പ്രഖ‍്യാപിക്കുകയെന്നാണറിയുന്നത്. സ്വതന്ത്രരെ സ്ഥാനാർഥിയാക്കുന്ന നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സി.പി.എം ജില്ല സെക്രട്ടറി വി.പി. അനിൽ വ‍്യക്തമാക്കുകയും ചെയ്തിരുന്നു.
പി.വി. അൻവർ രാജിവെച്ച നിലമ്പൂരിൽ ആര് മത്സരിച്ചാലും നിർണായക ഘടകം അൻവർ തന്നെയാകും. അദ്ദേഹം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. യു.ഡി.എഫിലേക്ക് ആദ‍്യ ചുവടുവെക്കാൻ കോൺഗ്രസിന്‍റെ വിജയം അൻവറിന് അനിവാര്യമാണ്. രണ്ടാം പിണറായി സർക്കാറിന്‍റെ കാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം സിറ്റിങ് സീറ്റ് അതത് മുന്നണികൾ നിലനിർത്തുകയായിരുന്നു. യു.ഡി.എഫ് നേടുന്ന വിജയം പി.വി. അൻവറിന്‍റെ നേട്ടമായി വിലയിരുത്തപ്പെടുമെന്നതിനാൽ സി.പി.എമ്മിനും ഇത് അഭിമാനപോരാട്ടമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.