നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത വീണ്ടും സജീവ ചർച്ചയിലേക്ക്
text_fieldsബംഗളൂരു: കേരളത്തിന്‍റെ റെയിൽവേ പദ്ധതികൾ കർണാടക തള്ളിയതോടെ നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത വീണ്ടും സജീവ ചർച്ചയാകുന്നു. കൊച്ചി- ബംഗളൂരു പാതയുടെ മിസ്സിങ് ലിങ്ക് കൂടിയാണ് ഈ പാത.
കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രാമാർഗമെന്ന നിലയിൽ കൂടുതൽ സാധ്യതയുള്ളതായിട്ടും കേരള സർക്കാർ ഗൗരവമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
നടപടിക്രമങ്ങൾ പാലിച്ച് അപേക്ഷ നൽകിയാൽ തുടർ നടപടികൾക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറാം എന്നാണ് കർണാടകയുടെ നിലപാട്. നിലവിൽ കർണാടകയിലെ ഗുണ്ടൽപേട്ടക്കടുത്ത നഞ്ചൻകോടുവരെ റെയിൽവേ പാതയുണ്ട്.
നഞ്ചൻകോട് ടൗണിൽനിന്ന് തുടങ്ങി കർണാടകയിലെതന്നെ അമ്പലൂ-കല്ലമ്പലു-സർഗൂർ-ഹെഗനൂർ വഴി കേരളത്തിലെ സുൽത്താൻ ബത്തേരിയിൽ എത്തുന്നതാണ് ഈ പാത. പിന്നീട് മീനങ്ങാടി-കൽപറ്റ-മേപ്പാടി- ചൂരൽമല-പോത്തുകല്ല്-അകമ്പാടം-നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ പാത എത്തിച്ചേരും.
ഹെഗനൂരിൽനിന്ന് തുടങ്ങി കേരള വനാതിർത്തിയായ വള്ളുവാടിക്കടുത്തുവരെ ഭൂഗർഭ പാതയാണ്. പദ്ധതി കേന്ദ്ര റെയിൽവേ മന്ത്രാലയം അംഗീകരിച്ചതും 2016ലെ റെയിൽവേ ബജറ്റിൽ പാസാക്കിയതുമാണ്.
പദ്ധതിക്കായി 6000 കോടി രൂപ റെയിൽവേ ബജറ്റ് കണക്കാക്കുകയും പകുതി തുക കേന്ദ്രസർക്കാർ നൽകാം എന്ന് സമ്മതിക്കുകയും ഭാവിയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ രേഖപ്പെടുത്തുന്ന റെയിൽവേയുടെ പിങ്ക് ബുക്കിൽ പദ്ധതി ഇടംനേടുകയും ചെയ്തു.
റെയിൽവേ ബോർഡുമായി സഹകരിച്ച് സംസ്ഥാന സർക്കാർ 'കെ റെയിൽ കോർപറേഷൻ' എന്ന സംയുക്ത കമ്പനി ഉണ്ടാക്കുകയും സിദ്ദരാമയ്യ കർണാടക മുഖ്യമന്ത്രിയായ സമയത്ത് പദ്ധതി അംഗീകരിക്കുകയും ചെയ്തു.
തുടർന്ന് സർവേക്കായി എൽ.ഡി.എഫ് സർക്കാർ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തി. ഇതിനായി അനുവദിക്കേണ്ട എട്ടുകോടിയിൽ ആദ്യഗഡുവായി രണ്ടുകോടി അനുവദിച്ചെങ്കിലും പിന്നീട് തിരിച്ചുപിടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.