നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല, കേസ് കൈകാര്യംചെയ്യുന്നത് ഹൂതികൾ; യെമൻ എംബസി
text_fieldsന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന്‍ എംബസി. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളതെന്ന് എംബസി വ്യക്തമാക്കി.
ഹൂതി നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ് നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് . ഹൂതി നിയന്ത്രണ മേഖലയിലാണ് നിമിഷപ്രിയ കഴിയുന്ന സനായിലെ ജയിലും ഉള്ളത്. നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് ശരിവെച്ചു എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് യെമന്‍ എംബസി രംഗത്തെത്തിയത്. അതേസമയം മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഹൂതി വിഭാഗത്തെ പിന്തുണയ്ക്കുന്ന ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
റാഷീദ് അല്‍ അലിമി നയിക്കുന്ന സര്‍ക്കാരിനെയാണ് യുഎന്നും ഇന്ത്യയും ഔദ്യോഗികമായി അംഗീകരിക്കുന്നത്. ഇന്ത്യ ഹൂതി വിഭാഗത്തെ പിന്തുണയ്ക്കുന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് ഹൂതി സര്‍ക്കാരുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്താനാകില്ല. വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായ ഇറാന്റെ സഹായം വഴി മാത്രമേ നിമിഷപ്രിയയുടെ കേസില്‍ ഇനി എന്തെങ്കിലും സാധ്യമാകൂ എന്നാണ് റിപ്പോര്‍ട്ട്.
യെമന്‍ പൗരനെ വധിച്ച കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ മാത്രമേ പ്രതിക്ക് ശിക്ഷയിൽ ഇളവ് ലഭിക്കൂ. ഇരയുടെ കുടുംബത്തിന് ദയാധനം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി സനയിലേക്ക് പോയിരുന്നു. മോചനശ്രമവുമായി നിമിഷ പ്രിയയുടെ അമ്മ യെമനില്‍ തന്നെയാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.