മത ചടങ്ങിനിടെ ചുമർ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം
text_fieldsഭോപാൽ: ക്ഷേത്രത്തിൽ മതപരമായ ചടങ്ങ് നടക്കുന്നതിനിടെ സമീപത്തെ വീടിന്റെ ചുമരിടിഞ്ഞ് ഒമ്പത് കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഷാഹ്പൂരിലെ ഹർദയാൽ ക്ഷേത്രത്തിലെ ചടങ്ങിനിടെ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്.
സാവൻ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രപരിസരത്ത് കെട്ടിയ താൽക്കാലിക പന്തലിലിരുന്ന് മണ്ണുകൊണ്ട് ശിവലിംഗങ്ങൾ നിർമിക്കുന്നതിനിടെയാണ് അപകടം. കനത്ത മഴയിൽ 50 വർഷത്തോളം പഴക്കമുള്ള ജീർണിച്ച ചുമർ കുട്ടികൾക്ക് മേൽ ഇടിഞ്ഞുവീഴുകയായിരുന്നു. അവധി ദിവസമായതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ നിരവധി കുട്ടികൾ എത്തിയിരുന്നു.
മണ്ണുമാന്തി യന്ത്രം എത്തിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് മൃതദേഹങ്ങളും പരിക്കേറ്റ കുട്ടികളെയും പുറത്തെടുത്തത്. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സാഗർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം വീതവും ധനസഹായം പ്രഖ്യാപിച്ചു. രേവ ജില്ലയിലെ സ്കൂളിന് സമീപത്തെ പഴയ വീടിന്റെ മതിലിടിഞ്ഞുവീണ് നാല് കുട്ടികൾ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ദുരന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.