തെലങ്കാനയിൽ ഒമ്പത് അന്തർസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ കിണറ്റിൽ
text_fieldsഹൈദരബാദ്: തെലങ്കാനയിൽ ഒമ്പത് അന്തർസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് ലഭിച്ചു. ഇവരിൽ ആറുപേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. മറ്റു മൂന്ന് പേർ ഇവർക്ക് സമീപം താമസിക്കുന്നവരുമാണ്. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയുമായാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്്. പരിക്കുകളൊന്നും ഇല്ലാത്ത നിലയിലായിരുന്നു മൃതേദഹങ്ങളെന്ന് പൊലീസ് പറഞ്ഞു.
മക്സൂദ് ആലം, ഭാര്യ നിഷ, അവരുടെ മൂന്ന് മക്കൾ, മൂന്ന് വയസ്സുള്ള പേരമകൻ, തൃപുരയിൽ നിന്നുള്ള ഷക്കീൽ അഹമ്മദ്, ബീഹാറിൽ നിന്നുള്ള ശ്രീറാം, ശ്യം എന്നിവരുടെ മൃതദേഹമാണ് ഇവർ താമസിച്ചിരുന്നതിന് സമീപത്തെ കിണറ്റിൽ നിന്ന് ലഭിച്ചത്. പശ്ചിമ ബംഗാളിൽ നിന്ന് 20 വർഷം മുമ്പ് ജോലി തേടി തെലങ്കാനയിൽ എത്തിയതാണ് മക്സൂദ് ആലമും കുടുംബവും. ജൂട്ട് ബാഗുകൾ തുന്നുന്ന തൊഴിലാണ് ഇവർ ചെയ്തിരുന്നത്.
വാടക വീട്ടിൽ താമസിച്ചിരുന്ന മക്സൂദ് ആലമും കുടുംബവും ലോക്ഡൗൺ തുടങ്ങിയ ശേഷം ജൂട്ട് മില്ലിലേക്ക് താമസം മാറിയിരുന്നു. മില്ലിലെ ഗോഡൗണിലാണ് കുടുംബം താമസിച്ചിരുന്നത്. മില്ലിെൻറ ഒന്നാം നിലയിൽ താമസിച്ചിരുന്നവരാണ് മരിച്ച മറ്റുള്ളവർ.
അടച്ചിട്ടിരുന്ന മിൽ തുറക്കുന്നതിെൻറ ഭാഗമായി ഉടമ ഭാസ്കർ വ്യാഴാഴ്ച എത്തിയേപ്പാൾ ആരെയും കണ്ടില്ലെന്ന് പറയുന്നു. ശേഷം ഇദ്ദേഹം പൊലിസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് നടത്തിയ തിരിച്ചിലിലാണ് സമീപത്തെ കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ ലഭിച്ചത്.
മരിച്ച ഷക്കീൽ മില്ലിലെ ഡ്രൈവറും മറ്റുള്ളവർ മില്ലിലെ തൊഴിലാളികളുമാണ്. അടച്ചിട്ടിരുന്ന മില്ലിൽ താമസിച്ചിരുന്നവർക്ക് ആവശ്യമായ റേഷൻ സാധനങ്ങൾ അവിടെ ഉണ്ടായിരുന്നെന്ന് മില്ലുടമ പറയുന്നു. ഇവർ താമസിച്ചിരുന്ന മുറിയിൽ കഴിച്ച് പാതിയായ ഭക്ഷണം ഉണ്ടായിരുന്നു.
ആത്മഹത്യയാകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്്. കുടുംബത്തിന് പുറത്ത് നിന്നുള്ള മൂന്ന് പേരുടെ മൃതദേഹം ലഭിച്ചത് ഇതിെൻറ സൂചനയാണെന്നാണ് പൊലീസിെൻറ അഭിപ്രായം. എല്ലാ സാധ്യതകളും പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് എ.സി.പി ശ്യാം സുന്ദർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.