മൂന്നാം മോദി സർക്കാറിൽ ഒമ്പത് പുതുമുഖങ്ങൾ; ബി.ജെ.പിക്ക് 61 മന്ത്രിമാർ
text_fieldsന്യൂഡൽഹി: രാഷ്ട്രപതി ഭവൻ അങ്കണത്തിൽ എത്തിച്ചേർന്ന അയൽ രാഷ്ട്ര നേതാക്കൾ അടക്കമുള്ള പതിനായിരത്തോളം പേരെ സാക്ഷി നിർത്തി ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദർ ദാസ് മോദി തുടർച്ചയായി മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരും രാഷ്ട്രപതി ദ്രൗപദി മുർമു മുമ്പാകെ അധികാരമേറ്റു. രണ്ടാം മോദി മന്ത്രിസഭയിലെ ഭൂരിഭാഗം മുഖങ്ങളും ആവർത്തിച്ച മൂന്നാം മന്ത്രിസഭയിൽ മുതിർന്ന ബി.ജെ.പി നേതാക്കളെ കൂടി ഉൾപ്പെടുത്തി. കേരളത്തിൽ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.പി സുരേഷ് ഗോപിക്കുപുറമെ ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ വൈസ് ചെയർമാൻ ജോർജ് കുര്യനും കേരളത്തിൽനിന്ന് സഹമന്ത്രിമാരായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപിന്നാലെ രണ്ടാമനായി രാജ്നാഥ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ കാബിനറ്റ് മന്ത്രിമാരായ നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, എസ്.ജയ്ശങ്കർ, പ്രൾഹാദ് ജോഷി, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, സര്‍ബാനന്ദ സോനോവാൾ,പിയൂഷ് ഗോയൽ, ജോതിരാദിത്യ സിന്ധ്യ, ഭൂപേന്ദ്ര യാദവ്, ധർമേന്ദ്ര പ്രധാൻ, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അന്നപൂർണ ദേവി, കിരൺ റിജിജു, ഹർദീപ് സിങ് പൂരി, മൻസൂഖ് മാണ്ഡവ്യ, ഡോ. വീരേന്ദ്ര കുമാർ, ജി. കിഷൻ റെഡ്ഡി എന്നിവർക്കുപുറമെ ബി.ജെ.പി ദേശീയ അധ്യക്ഷ പദവിയിൽ കാലാവധി അവസാനിക്കുന്ന ജെ.പി. നഡ്ഡ, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നീ മുതിർന്ന ബി.ജെ.പി നേതാക്കളും കാബിനറ്റ് മന്ത്രിമാരായി.
ജയിച്ച കേന്ദ്ര മന്ത്രിമാരിൽ കാബിനറ്റ് പദവിയുണ്ടായിരുന്ന അനുരാഗ് ഠാക്കൂറും നാരായൺ റാണയും പുറത്തായി. ടി.ഡി.പിയുടെ രാം മോഹൻ നായിഡു, ജനതാൾ-യു മുൻ പാർട്ടി പ്രസിഡന്റ് രാജീവ് രഞ്ജൻ സിങ് എന്ന ലല്ലൻ സിങ്, ജനതാദൾ-എസിന്റെ എച്ച്.ഡി. കുമാരസ്വാമി, ലോക് ജൻശക്തി പാർട്ടി(രാം വിലാസ്)യുടെ ചിരാഗ് പാസ്വാൻ, ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ ജിതിൻ റാം മാഞ്ചി എന്നിവർക്കാണ് ഘടകകക്ഷികളിൽ കാബിനറ്റ് പദവി ലഭിച്ചത്. അതേ സമയം കാബിനറ്റ് പദവി നൽകാത്തതിനാൽ എൻ.സി.പിയുടെ പ്രഫുൽ പട്ടേൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാതെ സദസ്സിലിരുന്നു. ശിവസേനക്കും ആർ.എൽ.ഡിക്കും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, അപ്നാദൾ എന്നിവക്ക് സഹമന്ത്രി സ്ഥാനവുമാണ് നൽകിയത്.
‘ചുരുങ്ങിയ സർക്കാർ പരമാവധി ഭരണം’ എന്ന നിലപാട് മാറ്റി 72 പേരുള്ള കൂറ്റൻ മന്ത്രിസഭയുമായിട്ടാണ് മോദി മൂന്നാമൂഴം ഭരിക്കാനിറങ്ങുന്നത്. ചട്ട പ്രകാരം കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താവുന്ന പരമാവധി മന്ത്രിമാരുടെ എണ്ണം 81 ആണ്. 543 അംഗ ലോക്സഭയിൽ സ്വന്തം നിലക്ക് കേവല ഭൂരിപക്ഷത്തിനുള്ള 272 സീറ്റുകൾ തികക്കാൻ ബി.ജെ.പിക്ക് കഴിയാതെ വന്നതോടെ കിങ് മേക്കർമാരായ തെലുഗു ദേശത്തിനും ജനതാദൾ യു-വിനും യഥാക്രമം നാലും മൂന്നും മന്ത്രി സ്ഥാനങ്ങൾ നൽകുമെന്നാണ് കരുതിയതെങ്കിലും ഓരോ കാബിനറ്റ് മന്ത്രിയെയും ഓരോ സഹമന്ത്രിയെയുമാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.