നിർഭയ കേസിലെ പ്രതികൾ സുപ്രീംകോടതിയിൽ ദയാഹരജി നൽകും
text_fieldsന്യൂഡൽഹി: രാജ്യത്തെ നടുക്കിയ 'നിർഭയ' കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾ ദയാഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കും. രാഷ്ട്രപതിക്ക് ദയാഹരജി സമർപ്പിക്കുന്നതിന് മുമ്പേ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പ്രതികളുടെ അഭിഭാഷകർ പറഞ്ഞു.
നിർഭയ കേസിലെ നാല് പ്രതികളിൽ മൂന്ന് പേർ തിഹാർ ജയിലിലും ഒരാൾ മണ്ടോളി ജയിലിലുമാണ് കഴിയുന്നത്. രാഷ്ട്രപതിക്ക് ദയാഹരജി നൽകുന്ന കാര്യത്തിൽ ഒരാഴ്ചക്കകം തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം വധശിക്ഷാ വാറന്‍റ് പുറപ്പെടുവിക്കാൻ കോടതിയോട് ആവശ്യപ്പെടുമെന്നും കാണിച്ച് ഒക്ടോബർ 28ന് ജയിൽ അധികൃതർ പ്രതികൾക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് അഭിഭാഷകർ വെള്ളിയാഴ്ച ജയിലിലെത്തി പ്രതികളെ കണ്ടു.
രാഷ്ട്രപതിക്ക് ദയാഹരജി സമർപ്പിക്കും മുമ്പ് സുപ്രീംകോടതിക്ക് സമർപ്പിക്കാൻ അവസരമുണ്ടെന്ന് പ്രതികളുടെ അഭിഭാഷകർ പറഞ്ഞു.
2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗം നടക്കുന്നത്. ഡൽഹി നഗരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ പെൺകുട്ടി ഡിസംബർ 29ന് മരിച്ചു. രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികൾ. വിചാരണക്കാലയളവിൽ രാംസിങ് ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂർത്തിയാവാത്ത പ്രതി 2015ൽ ജയിൽമോചിതനാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.