മകളുടെ കൊലയാളികളെ 16ന് മുമ്പ് തൂക്കിലേറ്റണം -നിർഭയയുടെ മാതാവ്
text_fieldsന്യൂഡൽഹി: തെൻറ മകളെ ഇല്ലാതാക്കിയവർക്കുള്ള വധശിക്ഷ ഡിസംബർ 16നുള്ളിൽ നടപ്പാക്കണമെന്ന് ‘നിർഭയ’യുടെ മാതാവ്. ഏഴു വർഷം മുമ്പ് ഡിസംബർ 16ന് ഡൽഹിയിലെ ബസിൽ 23കാരി പാരാമെഡിക്കൽ വിദ്യാർഥിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലചെയ്ത കേസിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട നാലു പ്രതികളുടെ ശിക്ഷയാണ്, അതേ തീയതിക്കു മുമ്പുതന്നെ നടപ്പാക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടത്.
ശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീംകോടതിയിൽ നൽകിയ ഹരജിക്കെതിരെ കോടതിയെ സമീപിച്ച മാതാവ്, ശിക്ഷ നടപ്പാക്കിക്കിട്ടാൻ തനിക്ക് ജീവനുള്ള കാലത്തോളം പോരാടുമെന്നും വ്യക്തമാക്കി. പ്രതിയുടെ പുനഃപരിശോധന ഹരജി ഡിസംബർ 17നാണ് കോടതി പരിഗണിക്കുക. ‘‘എെൻറ മകൾക്ക് നീതി ലഭ്യമാക്കാൻ ഞാൻ പോരാടുകതന്നെ ചെയ്യും. ഡിസംബർ 16ന് മുമ്പായി പ്രതികൾ തൂക്കിലേറ്റപ്പെടണം’’ -അവർ പറഞ്ഞു.
നിർഭയ കേസ് പ്രതികളെ ഏറ്റവും പെട്ടന്നുതന്നെ തൂക്കിലേറ്റണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തീർത്ത് ശിക്ഷ നടപ്പാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, ശിക്ഷ വിധിക്കപ്പെട്ട നാലുപേർക്കെതിരായ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിർഭയയുടെ മാതാപിതാക്കളുടെ ഹരജി ഡൽഹി കോടതി ഡസംബർ 18ന് പരിഗണിക്കും.
പ്രതികളിലൊരാളുടെ പുനഃപരിശോധന ഹരജി ഡിസംബർ 17ന് സുപ്രീംകോടതി പരിഗണിക്കുന്നതിനാൽ, മരണവാറണ്ട് ആവശ്യപ്പെട്ടുള്ള ഹരജി അതിനു പിറ്റേന്ന് പരിഗണിക്കാമെന്ന് ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി സതീഷ് കുമാർ അറോറ വിശദീകരിച്ചു. ശിക്ഷ ഉടൻ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ മാതാപിതാക്കൾ നൽകിയ ഹരജി പരിഗണിക്കവെ ആണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മരണ വാറണ്ട് പുറപ്പെടുവിക്കുന്നതിൽ കോടതിക്ക് തടസ്സമുണ്ടാവേണ്ട ഒരു സാഹചര്യവുമില്ലെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷ വൈകിപ്പിക്കാനുള്ള പ്രതികളുടെ തന്ത്രമാണിതെന്ന് നിർഭയയുടെ മാതാപിതാക്കൾ പറഞ്ഞു.
മുകേഷ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരുടെ പുനഃപരിശോധന ഹരജി കഴിഞ്ഞവർഷം ജൂലൈയിൽ സുപ്രീംകോടതി തള്ളിയിരുന്നു. അക്ഷയ്യുടെ ഹരജിയാണ് ഇപ്പോൾ പരിഗണനയിലുള്ളത്. നാലു പ്രതികളെയും വിഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്.
നിർഭയ പ്രതികൾ കടുത്ത സമ്മർദത്തിലെന്ന്; ഭക്ഷണം കഴിക്കൽ കുറഞ്ഞു
ന്യൂഡൽഹി: 2012ലെ നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന നാല് പ്രതികളും കടുത്ത സമ്മർദത്തിലാണെന്ന് ജയിൽ അധികൃതർ. പ്രതികൾ വളരെ കുറച്ച് ഭക്ഷണമാണ് കഴിക്കുന്നതെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഓരോ പ്രതികളെയും നിരീക്ഷിക്കാൻ അഞ്ച് സുരക്ഷ ജീവനക്കാർ വരെയുണ്ട്. ജയിൽ ഡി.ജി.പി സന്ദീപ് ഗോയൽ അടക്കം ഉന്നത ഉദ്യോഗസ്ഥർ തൂക്കിക്കൊല നടക്കുന്ന മൂന്നാം നമ്പർ ജയിൽ സന്ദർശിച്ച് ഒരുക്കങ്ങളിൽ തൃപ്തി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.