നിർമല സീതാരാമൻ ഉപയോഗിക്കുന്നത് സ്വദേശി ഐപാഡോ അതോ ആപ്പ്ളിന്റെയോ?
text_fieldsന്യൂഡൽഹി: കേന്ദ്രബജറ്റ് ചരിത്രത്തിൽ ആദ്യമായി പേപ്പർ രഹിത ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടുവർഷം മുമ്പ് പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന തവിട്ടുനിറത്തിലെ പെട്ടി മാറ്റി ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ബജറ്റ് പേപ്പറുകൾ കൊണ്ടുവന്നത്. എന്നാൽ ഇത്തവണ പ്രിന്‍റ് ചെയ്ത പേപ്പറുകൾ ഒഴിവാക്കി ടാബ്ലെറ്റ് ഉപയോഗിച്ചായിരിക്കും ബജറ്റ് അവതരണം. സ്വർണനിറത്തിൽ ദേശീയ ചിഹ്നം പതിച്ച ചുവന്ന നിറത്തിലുള്ള കവറിൽ പൊതിഞ്ഞ ടാബ്െലറ്റുമായാണ് ധനമന്ത്രി പാർലമെന്‍റിലെത്തുക. കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന ഡിജിറ്റൽ ഇന്ത്യയെ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം.
ആത്മനിർഭർ ഭാരതിലൂടെ ഇന്ത്യൻ നിർമിത വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാർ ഏതു കമ്പനിയുടെ ടാബ്ലറ്റാണ് ഉപയോഗിക്കുന്നതെന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വാദം. സ്വദേശി ടാബ് ഉപയോഗിച്ചായിരിക്കും ബജറ്റ് അവതരിപ്പിക്കുകയെന്ന സൂചന പരന്നതോടെ 'ഐപാഡ്' ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. ആപ്പ്ളിന്റെ ഐപാഡ് ഉപയോഗിച്ചായിരിക്കും ബജറ്റ് അവതരിപ്പിക്കുകയെന്നാണ് ചിലർ ഉയർത്തുന്ന വാദം. എന്നാൽ സ്വദേശി ഐപാഡ് ആണോ അതോ ആപ്പ്ളിന്റെ ഐപാഡാണോ എന്ന കാര്യം ബജറ്റ് അവതരണം തുടങ്ങുേമ്പാൾ മാത്രമേ അറിയാനാകൂ.
ദീർഘകാലമായി നിലനിൽക്കുന്ന കൊേളാണിയൽ സംസ്കാരം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമാണെന്നായിരുന്നു ധനമന്ത്രി തവിട്ടുനിറത്തിലെ പെട്ടി മാറ്റിയപ്പോഴുണ്ടായ വിലയിരുത്തൽ.
ജനുവരി ആദ്യം 'യൂനിയൻ ബജറ്റ് മൊബൈൽ ആപ്' ധനമന്ത്രി അവതരിപ്പിച്ചിരുന്നു. പരമ്പരാഗത ഹൽവ സെറിമണിയിലാണ് ബജറ്റ് പേപ്പർ രഹിതമാക്കുന്നതിന്‍റെ ഭാഗമായി ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. ഇതുവഴി ബജറ്റ് വിവരങ്ങൾ എം.പിമാർക്ക് മൊബൈലിലൂടെ അറിയാനാകും. കേന്ദ്ര ബജറ്റ് രേഖകൾക്ക് പുറമെ ധനബിൽ ഉൾപ്പെടെയുള്ളവയും ഇതുവഴി ലഭ്യമാകും. പാർലമെന്‍റിൽ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം അവസാനിച്ചതിന് ശേഷമാകും മൊബൈൽ ആപ് വഴി ബജറ്റ് വിവരങ്ങൾ ലഭിക്കുക.
കോവിഡ് 19നെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് 2021-22 മുമ്പ് അവതരിപ്പിച്ചതുപോലെയുള്ള ബജറ്റായിരിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.