രാഹുൽ ബജാജിന്റെ വിമർശനം ദേശതാൽപര്യ വിരുദ്ധമെന്ന് ധനമന്ത്രി
text_fieldsന്യൂഡൽഹി: മോദിസർക്കാറിെൻറ സാമ്പത്തിക അസഹിഷ്ണുതക്കെതിരെ തുറന്നടിച്ച പ്രമുഖ വ്യവസായി രാഹുൽ ബജാജിനെ പിന്തുണച്ച് കൂടുതൽ വ്യവസായികൾ രംഗത്തെത്തിയതോടെ സർക്കാർ പ്രതിരോധത്തിൽ. ഇത്തരം പ്രസ്താവനകൾ ദേശതാൽപര്യത്തിന് വിരുദ്ധമാണെന്ന ധനമന്ത്രി നിർമല സീതാരാമെൻറ പരാമർശം സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കി. സർക്കാർ നയങ്ങൾക്കെതിരെ തുറന്നുപറയാൻ സ്വാതന്ത്ര്യമില്ലെന്നും വ്യവസായികൾക്കും ഭയമാണെന്നുമാണ് കഴിഞ്ഞദിവസം രാഹുൽ ബജാജ് ആഭ്യന്തരമന്ത്രി അമിത് ഷാക്കു മുന്നിൽ തുറന്നടിച്ചത്.
‘‘സ്വന്തം കാഴ്ചപ്പാടുകൾ ഇത്തരത്തിൽ പറഞ്ഞുപരത്തുന്നത് ദേശതാൽപര്യത്തെ ദോഷകരമായി ബാധിക്കും. ചോദ്യങ്ങളും വിമർശനങ്ങളുമൊക്കെ സർക്കാർ കണക്കിലെടുക്കുന്നുണ്ട്; മറുപടി പറയുന്നുണ്ട്. ഇത്തരം കാഴ്ചപ്പാട് പറഞ്ഞു പരത്തുന്നതിനേക്കാൾ ഉത്തരം തേടുന്നതാണ് നല്ലത്.’’ -നിർമല സീതാരാമൻ പറഞ്ഞു. എന്നാൽ, രാഹുൽ ബജാജിന് പിന്തുണ വ്യക്തമാക്കി മറ്റൊരു വ്യവസായി കിരൺ മജുംദാർ ഷാ രംഗത്തുവന്നു. വ്യവസായ ലോകത്തിെൻറ അതൃപ്തി പുറത്തുവന്നതിനെ തുടർന്ന് ധനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും ബി.ജെ.പി വക്താക്കളും സർക്കാറിനു വേണ്ടി രംഗത്തിറങ്ങി.
രാഹുൽ ബജാജ് കോൺഗ്രസിെൻറ നാവായാണ് സംസാരിക്കുന്നതെന്ന് ബി.ജെ.പി ഐ.ടി സെൽ കൺവീനർ അമിത് മാളവ്യ കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും സജീവമായി നിലനിൽക്കുന്നതു കൊണ്ടാണ് അമിത് ഷായോട് രാഹുൽ ബജാജിന് അഭിപ്രായം തുറന്ന് പറയാൻ കഴിഞ്ഞതെന്നായിരുന്നു വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുടെ വിശദീകരണം.വിമർശനത്തെ ദേശതാൽപര്യം കൊണ്ട് നേരിടുന്നതിനെ കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദ്യം ചെയ്തു. ധനമന്ത്രിയെ പുകഴ്ത്തുന്നതിലാണോ ദേശതാൽപര്യം കുടികൊള്ളുന്നത്? -അദ്ദേഹം ചോദിച്ചു.
വിമർശനംകേൾക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല
സമ്പദ്വ്യവസ്ഥയെക്കുറിച്ച വിമർശനം കേൾക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കോർപറേറ്റുകളോട് സർക്കാർ മോശമായാണ് പെരുമാറുന്നത്. നയതീരുമാനങ്ങളെക്കുറിച്ച വിമർശനങ്ങൾ തുറന്ന മനസോടെ മോദിസർക്കാർ കേൾക്കണം. മാന്ദ്യം മറികടക്കാനുള്ള വഴികളെക്കുറിച്ച് കോർപറേറ്റുകളുമായി കൂടിയാലോചിക്കണം. ഒത്തൊരുമിച്ച് പ്രവർത്തിക്കണം. എന്നാൽ കോർപറേറ്റുകളെ കൈയകലത്തിൽ നിർത്തുകയാണ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.