സംസ്ഥാനങ്ങളെ മെരുക്കുന്നു
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ മറവിൽ പൂർണതോതിൽ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്ന കേന്ദ്രസർക്കാർ ഇതിന് സംസ്ഥാനങ്ങളെയും മെരുക്കുന്നു. സംസ്ഥാനങ്ങളുടെ വായ്പാ പരിധി മൂന്നിൽ നിന്ന് അഞ്ചു ശതമാനമാക്കിയ കേന്ദ്രം, കൂടുതൽ വായ്പ എടുക്കണമെങ്കിൽ പരിഷ്ക്കരണ നിർദേശങ്ങൾ അംഗീകരിക്കണമെന്ന് ഉപാധി വെച്ചു. വൈദ്യുതി വിതരണ സ്വകാര്യവത്കരണം, വ്യവസായ നടത്തിപ്പ് എളുപ്പമാക്കൽ, ഒരു രാജ്യം ഒറ്റ റേഷൻ കാർഡ് തുടങ്ങി കേന്ദ്രം മുന്നോട്ടു നീക്കുന്ന പരിഷ്കരണ നിർദേശങ്ങൾ നടപ്പാക്കുന്നതിന് മാർക്ക് നൽകിക്കൊണ്ടാണ് കൂടുതൽ കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുക. പരിധി ഉയർത്തിയതു വഴി കേരളത്തിന് 18,000 കോടി രൂപ കൂടി കടമെടുക്കാൻ കഴിയേണ്ടതാണ്. പക്ഷേ, പരിഷ്ക്കരണ നിർദേശങ്ങൾ അംഗീകരിക്കേണ്ടി വരും.
അര ശതമാനം കൂടി വായ്പ എടുക്കുന്നതിന് ഉപാധിയൊന്നുമില്ല. തുടർന്ന് ഒരു ശതമാനം വായ്പ നാലു ഘട്ടങ്ങളായി എടുക്കാം. പക്ഷേ, പരിഷ്കരണം നടപ്പാക്കണം. പരിഷ്ക്കരണ നടപടികളിൽ നാലിൽ മൂന്നും നടപ്പാക്കിയാൽ ബാക്കി അര ശതമാനം കൂടി വായ്പ എടുക്കാം. സംസ്ഥാനങ്ങൾ കൂടുതലായി എടുക്കുന്ന വായ്പ പാവപ്പെട്ടവർക്ക് പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പു വരുത്താനാണ് ഉപാധികൾ വെക്കുന്നതെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചത്. വായ്പാ സൗകര്യം സംസ്ഥാനങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇപ്പോൾ തന്നെ, എടുക്കാവുന്നതിെൻറ 14 ശതമാനം മാത്രമാണ് എടുത്തിട്ടുള്ളത്.
പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി കുടിശ്ശിക എപ്പോൾ നൽകുമെന്ന സൂചനയും മന്ത്രി നൽകിയില്ല. വരുമാനം കുത്തനെ ഇടിഞ്ഞെങ്കിലും എപ്രിലിൽ നികുതി ഇനത്തിൽ 46,038 കോടി രൂപ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തെ വായ്പാപരിധി മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ (ജി.ഡി.പി) മൂന്നു ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി ഉയർത്തിയതു വഴി എല്ലാ സംസ്ഥാനങ്ങൾക്കുമായി എടുക്കാവുന്ന മൊത്തം വായ്പ 4.28 ലക്ഷം കോടിയാണ്. നടപ്പു സാമ്പത്തിക വർഷം എടുക്കാവുന്ന മൊത്തം വായ്പ 6.41 ലക്ഷം കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.