തെലങ്കാനയിലെ റേഷൻ കടകളുടെ മുന്നിൽ മോദിയുടെ ചിത്രമില്ല; കലക്ടറോട് തട്ടിക്കയറി നിർമല സീതാരാമൻ
text_fieldsഹൈദരാബാദ്: റേഷനരിയുടെ പേരിൽ തെലങ്കാന കലക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. കേന്ദ്രം സൗജന്യമായി അരി നൽകിയിട്ടും തെലങ്കാനയിലെ റേഷൻ കടകളുടെ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇല്ലാത്തതാണ് കേന്ദ്രമന്ത്രിയെ പ്രകോപിപ്പിച്ചത്. ബി.ജെ.പിയുടെ ലോക്സഭ പ്രവാസ് യോജനയുടെ ഭാഗമായാണ് നിർമല സീതാരാമൻ സഹീറാബാദ് നിയോജക മണ്ഡലത്തിൽ സന്ദർശനത്തിന് എത്തിയത്.
പ്രധാനമന്ത്രിയുടെ ഗരീബ് യോജന പദ്ധതി പ്രകാരം ദരിദ്ര വിഭാഗങ്ങൾക്ക് സൗജന്യമായാണ് റേഷൻ കടകളിൽ നിന്ന് അരി വിതരണം ചെയ്യുന്നത്. കോവിഡ് കാലം മുതൽ തുടങ്ങിയ പദ്ധതി ഇപ്പോഴും തുടരുകയാണ്. എന്നാൽ തെലങ്കാനയിലെ റേഷൻ കടകളുടെ മുന്നിൽ മോദിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡുകൾ ഉണ്ടായിരുന്നില്ല. ബിർകൂറിലെ റേഷൻ കടകളിൽ പരിശോധന നടത്തവെയാണ് കേന്ദ്രമന്ത്രി എന്തുകൊണ്ടാണ് മോദിയുടെ ചിത്രം ഇല്ലാത്തതെന്ന കാര്യം കലക്ടർ ജിതേഷ് പിള്ളയോട് ചോദിച്ചത്.
''നിങ്ങൾ തെലങ്കാന കേഡറിലെ ഐ.എ.എസ് ഓഫിസറാണ്. നിങ്ങൾ പറയുന്നത് സംസ്ഥാനം 34 രൂപ അരിക്ക് നൽകുന്നുവെന്നാണ്?നിങ്ങൾ ഉത്തരം പറയുന്നതിന് മുമ്പ് ഒരുവട്ടം കൂടി ആലോചിക്കുന്നത് നല്ലതായിരിക്കും''എന്നും കേന്ദ്രമന്ത്രി കലക്ടർക്ക് താക്കീത് നൽകി. എല്ലാം വ്യക്തമായി മനസിലാക്കിയതിനു ശേഷം മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് വ്യക്തമായ മറുപടി നൽകണമെന്നും നിർമല ആവശ്യപ്പെട്ടു. 2020 മാർച്ച്-ഏപ്രിൽ മുതൽ 30-35 രൂപ വില വരുന്ന അരി കേന്ദ്രസർക്കാർ സൗജന്യമായി നൽകി വരികയാണ്. ഇതിലേക്ക് സംസ്ഥാന സർക്കാരുകളോ ഉപയോക്താക്കളോ ഒരു രൂപ പോലും നൽകുന്നില്ലെന്നും നിർമല ചൂണ്ടിക്കാട്ടി.
സംഭവത്തിൽ തെലങ്കാന മന്ത്രി കെ.ടി. രാമ റാവു നടുക്കം പ്രകടിപ്പിച്ചു.കലക്ടറോട് ഇത്തരത്തിൽ മോശമായി പെരുമാറിയ കേന്ദ്രമന്ത്രിയുടെ പ്രവൃത്തി നടുക്കമുണ്ടാക്കുന്നുവെന്നായിരുന്നു കെ.ടി.ആറിന്റെ ട്വീറ്റ്. ഇതുപോലുള്ള രാഷ്ട്രീയ ചരിത്രകാരൻമാരുടെ പൊതുമധ്യത്തിലെ ഇത്തരം പ്രവൃത്തികൾ ഐ.എ.എസ് ഓഫിസർമാരുടെ കഠിനാധ്വാനത്തെ താറടിക്കാൻ മാത്രമേ സഹായിക്കൂ. മന്ത്രിയുടെ പെരുമാറ്റത്തിനിടെ സംയമനം പാലിച്ച കലക്ടറെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.