പെട്രോൾ വിലയിലെ നിർമലയുടെ 'ധർമ സങ്കടം'; ധനമന്ത്രിയായി തുടരാൻ അവകാശമില്ലെന്ന് ശിവസേന
text_fieldsമുംബൈ: കേന്ദ്ര ധനമന്ത്രി സ്ഥാനത്ത് തുടരാൻ നിർമല സീതാരാമന് അവകാശമില്ലെന്ന് ശിവസേന. പെട്രോൾ വില ഉയരുന്നത് ധർമ സങ്കടമാണെന്ന നിർമലയുടെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതികരണം.
യഥാർഥ പ്രശ്നത്തിൽനിന്ന് മന്ത്രി ഒളിച്ചോടുകയാണെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. 'നിങ്ങൾ ധർമത്തിന്‍റെ പേരുപറഞ്ഞാണ് വോട്ടുകൾ വാങ്ങിയത്. ഇപ്പോൾ െപട്രോൾ, ഡീസൽ വില ഉയരുന്നത് ധർമ സങ്കടമാണെന്ന് പറയുന്നു. നിങ്ങൾ മതരാഷ്ട്രീയം കളിക്കരുത്' -അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്നതാണ് സർക്കാറിന്‍റെ പ്രാഥമിക ഉത്തരവാദിത്തം. അതിനാൽതന്നെ തീരുമാനങ്ങളെടുക്കുേമ്പാൾ വ്യാപാരികളെേപ്പാലെ ലാഭവും നഷ്ടവും കണക്കുകൂട്ടരുത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ കാലത്ത് ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ യുദ്ധം ചെയ്ത് അധികാരത്തിലേറി. അതേ സാഹചര്യം വീണ്ടും വന്നപ്പോൾ നിങ്ങൾ ധർമസങ്കടമെന്ന് പറഞ്ഞ് ഒഴിയുന്നു. നിർമല സീതാരാമന് ഇനി കേന്ദ്ര ധനമന്ത്രി സ്ഥാനത്ത് തുടരാൻ യാതൊരു അവകാശവുമില്ല -ശിവസേന നേതാവ് കൂട്ടിച്ചേർത്തു.
അയൽരാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും പെട്രോൾ, ഡീസൽ വില ഇന്ത്യയെക്കാൾ 40 ശതമാനം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഹ്മദാബാദിലെ ഐ.ഐ.എമ്മിൽ വിദ്യാർഥികളോട് സംവദിക്കുന്നതിനിടെയായിരുന്നു നിർമലയുടെ വിവാദ പരാമർശം. ഇന്ധനവില എന്നു കുറക്കുമെന്ന ചോദ്യത്തിന് പെട്രോൾ -ഡീസൽ വില ഉയരുന്നത് ധർമസങ്കടമാണെന്നായിരുന്നു നിർമലയുടെ മറുപടി. രാജ്യത്തെ പെട്രോൾ, ഡീസൽ വില 'എപ്പോൾ കുറക്കാൻ കഴിയുമെന്ന് പറയാനാകില്ല... അതൊരു ധർമസങ്കടമാണ്' -നിർമല സീതാരാമൻ പറഞ്ഞു.
'ഇത് സെസ് മാത്രമല്ല. കേന്ദ്രം എക്സൈസ് തീരുവ ഈടാക്കുേമ്പാൾ സംസ്ഥാനങ്ങൾ വാറ്റ് ഇൗടാക്കും. അതിനാൽ വരുമാനം ഉണ്ടെന്ന വസ്തുത മറച്ചുപിടിക്കാനാകില്ല. ഇത് എനിക്ക് മാത്രമല്ല, നിങ്ങൾ എല്ലാ സംസ്ഥാനങ്ങളോടും ചോദിക്കൂ. അവിടെയും വരുമാനമുണ്ടാകും' -ധനമന്ത്രി പറഞ്ഞു.
കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് ചർച്ച നടത്തിയാൽ മാത്രമേ പരിഹാരം കാണാനാകൂ. അത്തരം നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.