കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തത് അധികാരം സംരക്ഷിക്കാൻ- നിർമല
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും ഭരണഘടന ഭേദഗതി കൊണ്ടുവന്നത് ജനാധിപത്യം ശക്തിപ്പെടുത്താനല്ല, മറിച്ച് അവരുടെ അധികാരം സംരക്ഷിക്കാനായിരുന്നുവെന്ന് രാജ്യസഭയിൽ ഭരണഘടന ചർച്ചക്ക് തുടക്കമിട്ട് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
കുടുംബത്തെയും കുടുംബവാഴ്ചയെയും സഹായിക്കാൻ കോൺഗ്രസ് ലജ്ജയില്ലാതെ ഭരണഘടന ഭേദഗതി ചെയ്തു. നെഹ്റുവിനെ വിമർശിച്ച പുസ്തകങ്ങൾ നിരോധിക്കുകയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്ത ചരിത്രമാണ് കോൺഗ്രസിനുള്ളത്. 1949ൽ മിൽ തൊഴിലാളികൾക്കായി സംഘടിപ്പിച്ച യോഗത്തിൽ നെഹ്റുവിനെതിരെ കവിത ആലാപിച്ച മജ്റൂഹ് സുൽത്താൻപുരിയെ ജയിലിലടച്ചു. നടൻ ബൽരാജ് സാഹ്നിയെ 1949 ൽ അറസ്റ്റ് ചെയ്തു.
മൈക്കൽ എഡ്വേർഡ്സ് എഴുതിയ ‘നെഹ്റു എന്ന രാഷ്ട്രീയ ജീവചരിത്രം’, സൽമാൻ റുഷ്ദിയുടെ ദ സാത്താനിക് വേഴ്സസ് എന്നിവ നിരോധിക്കപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും മകനെയും ചോദ്യം ചെയ്തതിന്റെ പേരിൽ ‘കിസ്സാ കുർസി കാ’ എന്ന സിനിമയും നിരോധിച്ചുവെന്ന് നിർമല പറഞ്ഞു. കോൺഗ്രസ് നടപ്പാക്കിയ അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ഓർക്കാൻ കുട്ടികൾക്ക് മിസയുടെ പേര് നൽകാൻ തീരുമാനിച്ച രാഷ്ട്രീയനേതാക്കളെ എനിക്കറിയാം, ഇപ്പോൾ അവരുമായി കൂട്ടുകൂടാൻ അവർക്ക് യാതൊരു മടിയുമില്ലെന്നും ലാലുപ്രസാദിനെയും ആർ.ജെ.ഡിയെയും ഉന്നമിട്ട് നിർമല പറഞ്ഞു.
2008ല്‍ രാജ്യസഭയില്‍ പാസാക്കിയെങ്കിലും സഖ്യകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി വനിതാ സംവരണ ബില്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ കൊണ്ടുവന്നില്ല. രാജീവ് ഗാന്ധിക്ക് ലോക്‌സഭയില്‍ 426 അംഗങ്ങളും രാജ്യസഭയില്‍ 159 അംഗങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും വനിതാ സംവരണ ബില്‍ പാസാക്കിയില്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഷാബാനു കേസില്‍ സുപ്രീംകോടതി വിധിക്ക് ശേഷം മുസ്‌ലിം സ്ത്രീകള്‍ക്ക് ജീവനാംശത്തിനുള്ള അവകാശം നിഷേധിച്ചതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.