തൊഴിലാളികൾക്ക് രണ്ടുമാസത്തേക്ക് കൂടി സൗജന്യ റേഷൻ -ധനമന്ത്രി
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ പട്ടിണിയിലായ അന്തർസംസ്ഥാന തൊഴിലാളികൾക്ക് റേഷൻ കാർഡില്ലെങ്കിലും രണ്ടു മാസത്തേക്ക് അഞ്ചു കിലോ അരിയും ഒരു കിലോ പയറും സൗജന്യം. ചെറുകിട കർഷകർക്ക് പലിശയിളവിൽ വായ്പക്ക് സൗകര്യം. തെരുവു കച്ചവടക്കാർക്ക് പ്രവർത്തന മൂലധനമായി 10,000 രൂപവരെ വായ്പ.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിെൻറ രണ്ടാം ഭാഗമായി ധനമന്ത്രി നിർമല സീതാരാമനാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. എന്നാൽ, പണഞെരുക്കം മുൻനിർത്തി സാമ്പത്തിക സഹായമൊന്നുമില്ല. റേഷൻ കാർഡുണ്ടെങ്കിൽ എവിടെയിരുന്നും റേഷൻ വാങ്ങാൻ സൗകര്യം വിപുലപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
രൊക്കം ആശ്വാസം
•റേഷൻ കാർഡ് ഇല്ലാത്ത അന്തർ സംസ്ഥാന തൊഴിലാളികൾക്ക് സംസ്ഥാന സർക്കാറുകൾ മുഖേന അടുത്ത രണ്ടു മാസം സൗജന്യമായി അഞ്ചു കിലോഗ്രാം അരി, കുടുംബത്തിന് ഒരു കിലോഗ്രാം പയർ. എട്ടു കോടി പേർക്ക് പ്രയോജനപ്പെടുത്താം. കണക്കാക്കുന്ന ചെലവ് 3,500 കോടി രൂപ. റേഷൻ കാർഡുള്ളവർക്ക് പ്രഖ്യാപിച്ച സൗജന്യം തുടരും.
വായ്പമേള
•തെരുവു കച്ചവടക്കാർക്ക് 10,000 രൂപ വായ്പയെടുക്കാൻ സൗകര്യം. ഈ മാസം തുടങ്ങും. സർക്കാർ വകയിരുത്തിയത് 5,000 കോടി. ലക്ഷ്യം 50 ലക്ഷം പേർ. ആദിവാസി മേഖലയിലെ പ്രവർത്തനങ്ങൾക്ക് 600 കോടിയുടെ ഫണ്ട്.
•മുദ്ര പദ്ധതിക്കു കീഴിൽ 50,000 രൂപയിൽ താഴെ വായ്പ ആവശ്യമുള്ളവർക്ക് രണ്ടു ശതമാനം പലിശ ഇളവ്. മൂന്നു കോടി പേർക്ക് പ്രയോജനപ്പെടുമെന്ന് സർക്കാർ. മതിപ്പു ചെലവ് 1,500 കോടി.
•കർഷകർക്കുള്ള കിസാൻ ക്രെഡിറ്റ് കാർഡ് ഇനി മത്സ്യബന്ധന, മൃഗപരിപാലന തൊഴിലാളികൾക്കുകൂടി. രണ്ടര ലക്ഷം കോടി കർഷകർക്ക് കാർഡ് കിട്ടും. വായ്പ നൽകാൻ നീക്കിവെക്കുന്നത് രണ്ടു ലക്ഷം കോടി. മൂന്നു കോടി നാമമാത്ര കർഷകർക്കായി 30,000 കോടി.
•ആറു മുതൽ 18 ലക്ഷം വരെ വാർഷിക വരുമാനമുള്ള ഇടത്തരക്കാർക്ക് നേരത്തെ പ്രഖ്യാപിച്ച 70,000 കോടി രൂപയുടെ സബ്സിഡി ഭവനപദ്ധതി അടുത്ത മാർച്ചുവരെ നീട്ടി. ഇതിനകം പ്രയോജനപ്പെടുത്തിയത് 3.3 ലക്ഷം കുടുംബങ്ങൾ; ഇനി രണ്ടര ലക്ഷം കുടുംബങ്ങൾകൂടി പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷ.
നയം, വാഗ്ദാനം
•അടുത്ത മാർച്ചിനുമുമ്പ് ‘ഒരു രാജ്യം ഒറ്റ റേഷൻ കാർഡ്’ ദേശവ്യാപകമായി നടപ്പാക്കും. രാജ്യത്ത് എവിടെയിരുന്നും റേഷൻ വാങ്ങാൻ കഴിയുന്ന പദ്ധതിയിൽ 83 ശതമാനം പേരെ ചേർക്കാനായി.
•നഗരങ്ങളിലെ അന്തർസംസ്ഥാന തൊഴിലാളികളെ ഉദ്ദേശിച്ച് പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ വാടകക്കൊരു വീട് പദ്ധതി. പ്രധാനമന്ത്രി ഭവന പദ്ധതിക്കു കീഴിൽ ചെലവു കുറഞ്ഞ വീടുകൾ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അവരുടെ വളപ്പിൽ നിർമിച്ചു നൽകാം.
•തൊഴിലുറപ്പ് പദ്ധതി പ്രകാരം മഴക്കാലത്തും പണി നൽകാൻ സംസ്ഥാനങ്ങളോട് നിർദേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.