'കുതിരക്കച്ചവടത്തിന്' ജി.എസ്.ടി ചുമത്തുമെന്ന് നിർമല; മോദിയും ഷായും അനുവദിക്കുമോയെന്ന് പ്രതിപക്ഷം -VIDEO
text_fieldsന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ നാക്കുപിഴയെ ആയുധമാക്കി വിമർശനവുമായി പ്രതിപക്ഷം. 'കുതിരക്കച്ചവടത്തിന് ജി.എസ്.ടി ചുമത്തും' എന്ന ധനമന്ത്രിയുടെ പ്രസ്താവനയാണ് ട്രോളുകൾക്കിടയാക്കിയത്. മഹാരാഷ്ട്രയിൽ ശിവസേന എം.എൽ.എമാരെ ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെ വിലക്കെടുത്തതായി ആരോപണമുയരുന്ന സാഹചര്യത്തിലാണ് വിമർശനങ്ങൾ.
കുതിരപ്പന്തയത്തിന് ജി.എസ്.ടി ചുമത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ, കുതിരപ്പന്തയത്തിന് പകരം കുതിരക്കച്ചവടം എന്നായിരുന്നു മന്ത്രിയുടെ നാക്കുപിഴ. ഇതാണ് സാമൂഹിക മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും ഏറ്റെടുത്തത്.
കോൺഗ്രസ് നേതാക്കളായ പവൻ ഖേര, വിനീത് പൂനിയ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, യൂത്ത് കോൺഗ്രസ് നേതാവ് ശ്രീനിവാസ് ബി.വി തുടങ്ങി നിരവധി പേർ ധനമന്ത്രിയുടെ വിഡിയോ പങ്കുവെച്ച് രസകരമായ കമന്‍റുകൾ ചെയ്തിട്ടുണ്ട്.
'സത്യം പുറത്തുവരുന്നതാണോ? കുതിരക്കച്ചവടത്തിന് ജി.എസ്.ടി. തീരുമാനവുമായി മുന്നോട്ടു പോകണം' -യെച്ചൂരി ട്വീറ്റ് ചെയ്തു.
'കുതിരക്കച്ചവടത്തിന് ജി.എസ്.ടി ഏർപ്പെടുത്താനുള്ള ധനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഈ ബി.ജെ.പി വരുദ്ധ നികുതിയെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അനുവദിക്കാനിടയില്ല' -വിനീത് പൂനിയ ട്വീറ്റ് ചെയ്തു.
ജി.എസ്.ടി കൗൺസിൽ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ധനമന്ത്രിക്ക് നാക്കുപിഴ പറ്റിയത്. കസിനോകൾ, ഓൺലൈൻ ഗെയിമിങ്, കുതിരപ്പന്തയം, ലോട്ടറി എന്നിവയ്ക്ക് ഉയർന്ന നികുതി സ്ലാബായ 28 ശതമാനം ഏർപ്പെടുത്തണമെന്ന ശുപാർശയിന്മേൽ വീണ്ടും ചർച്ച നടത്തി ജൂലൈ 15ന് റിപ്പോർട്ട് നൽകാൻ മന്ത്രിതല ഉപസമിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഗോവ അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇവയെല്ലാം ചൂതാട്ടത്തിന്റെ നിർവചനത്തിൽ കൊണ്ടുവന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.