മുസ്ലിംകൾ കൈവിടാതിരിക്കാൻ പുതുതന്ത്രവുമായി നിതീഷ് കുമാർ
text_fieldsന്യൂഡൽഹി: വഞ്ചിച്ചുവെന്ന തോന്നലിൽ മുസ്ലിം ന്യൂനപക്ഷം കൈവെടിയുമെന്ന് കണ്ടപ്പോൾ അവരെ പിടിച്ചുനിർത്താൻ തന്ത്രവുമായി നിതീഷ് കുമാർ രംഗത്തിറങ്ങി. സംഘ് പരിവാറിനൊപ്പം ചേർന്ന് സർക്കാറുണ്ടാക്കിയതിന് പഴി കേൾക്കുന്നതിന് തൊട്ടുപിറകെ ആൾക്കൂട്ട ആക്രമണംകൂടി നടന്നതാണ് നിതീഷിനെ ആശങ്കയിലാക്കിയത്.
ബിഹാറിലെ ന്യൂനപക്ഷക്ഷേമ വകുപ്പിെൻറ പ്രവർത്തനം അവലോകനം ചെയ്യാൻ അടിയന്തര യോഗം വിളിച്ച നിതീഷ് കുമാർ സേവനം മെച്ചപ്പെടുത്താൻ നിരവധി നിർദേശങ്ങളും നൽകി. ബിഹാറിലെ 2200 മദ്റസകളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക, നിർമാണ സഹായങ്ങൾ ഉണ്ടാകുമെന്ന് നിതീഷ് പ്രഖ്യാപിച്ചു. ക്ലാസ്മുറികളും ലൈബ്രറികളും ലബോറട്ടറികളും ടോയ്ലറ്റുകളും നിർമിക്കുന്നതടക്കമുള്ള പ്രവൃത്തികൾക്ക് സർക്കാർ സഹായമാണ് നിതീഷിെൻറ പ്രധാന വാഗ്ദാനം. മദ്റസകളിൽ നിന്ന് 10ഉം 12ഉം ക്ലാസ് പാസാകുന്ന വിദ്യാർഥികൾക്ക് 10,000 രൂപ വീതം നൽകുമെന്ന അറിയിപ്പാണ് മറ്റൊന്ന്. വഖഫ് ബോർഡുകൾക്കായി എല്ലാ ജില്ലകളിലും ഒാഫിസ് അടക്കം ഒരു കെട്ടിടവും ലൈബ്രറിയും ഒരു കമ്യൂണിറ്റി ഹാളും ബിഹാർ സർക്കാർ നിർമിച്ചുനൽകും.
ബി.ജെ.പിയുമായി ചേർന്നുള്ള വിശ്വാസ വോെട്ടടുപ്പിെൻറ ദിവസം മുസ്ലിം എം.എൽ.എമാർക്ക് വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്ക് പോകാനായി തെൻറ പ്രസംഗം നിതീഷ് വെട്ടിച്ചുരുക്കിയതും മുസ്ലിംകളെ കൈവിട്ടിട്ടില്ല എന്ന ധാരണ സൃഷ്ടിക്കാനായിരുന്നു. അതേസമയം, നിതീഷ് മന്ത്രിസഭയിെല മുസ്ലിം മന്ത്രി ഖുർശിദ് അഹ്മദ് ജയ് ശ്രീറാം വിളിച്ചത് ബിഹാറിൽ വൻ വിവാദമായിരുന്നു. മുസ്ലിം സംഘടനകളൊന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നതോടെ നിതീഷ് കുമാർ നേരിട്ട് ക്ഷമാപണം നടത്തുകയും ഇമാറത്ത് ശറഇയ്യയെ നേരിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി കൂറുമാറിയതോടെ വഞ്ചിക്കപ്പെട്ടുവെന്ന് മുസ്ലിം സമുദായത്തിനിടയിലുണ്ടായ തോന്നൽ അകറ്റുന്നതിനാണ് നിതീഷിെൻറ നടപടി. പിന്നാക്ക മുസ്ലിംകളെ പാർട്ടിയോട് അടുപ്പിച്ചുനിർത്തിയിരുന്ന നേതാവും രാജ്യസഭ അംഗവുമായ അലി അൻവർ അൻസാരി ബി.ജെ.പി സഖ്യം ആത്മഹത്യപരമാണെന്ന നിലപാടിലുറച്ചുനിൽക്കുകയാണ്. പാർലമെൻറിൽ പ്രതിപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുന്ന ശരദ് യാദവ് നിതീഷിനെ കൈയൊഴിയുമെന്ന അഭ്യൂഹവും ശക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.