ബിഹാര്‍ മഹാസഖ്യത്തില്‍ ഭിന്നത
text_fieldsപട്ന: ബിഹാറിലെ മഹാസഖ്യത്തില്‍ കാര്യങ്ങള്‍ ശുഭകരമല്ളെന്ന് റിപ്പോര്‍ട്ട്. സഖ്യത്തിലെ രണ്ട് പ്രമുഖ കക്ഷികളായ ആര്‍.ജെ.ഡിയും ജെ.ഡി.യുവും തമ്മില്‍ പലകാര്യങ്ങളിലും അഭിപ്രായഭിന്നതയിലാണെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി 500-1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്, യു.പി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം, 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്നീ വിഷയങ്ങളിലാണ് ഭിന്നത രൂക്ഷം.
2019ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയൊഴികെ മറ്റ് വിഷയങ്ങളില്‍ ജെ.ഡി.യുവിനൊപ്പമുള്ള കോണ്‍ഗ്രസ്, കഴിഞ്ഞദിവസം സഖ്യം വിടാനും മടിക്കില്ളെന്ന് പ്രഖ്യാപിച്ചത് മഹാസഖ്യത്തില്‍ ഞെട്ടലുണ്ടാക്കി. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ഹൈകമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ആ നിമിഷം സഖ്യം വിടാന്‍ മടിക്കില്ളെന്നാണ് ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനും സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുമായ അശോക് ചൗധരി ബുധനാഴ്ച പ്രഖ്യാപിച്ചത്. എന്നാല്‍, വ്യാഴാഴ്ച അദ്ദേഹം നിലപാട് മയപ്പെടുത്തി. പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ മഹാസഖ്യത്തിലെ കക്ഷികള്‍ ഒറ്റക്കെട്ടാണെന്നും തന്‍െറ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സ്വരച്ചേര്‍ച്ചയിലല്ളെന്ന് ഒരുവിഭാഗം എം.എല്‍.എമാരും പ്രവര്‍ത്തകരും സ്വകാര്യമായി സമ്മതിക്കുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഭിന്നത പരസ്യമാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ‘പ്രതിബദ്ധതയുള്ള നേതാവെന്ന പരിവേഷം നിലനിര്‍ത്താനാണ് നിതീഷ് ശ്രമിക്കുന്നത്. തന്‍െറ പാര്‍ട്ടിയെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടാനും 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്തുവരാനുമാണ് അദ്ദേഹത്തിന്‍െറ ശ്രമം. അതേസമയം, ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും നേരിടാന്‍പറ്റിയ ആള്‍ താനാണെന്ന് അവതരിപ്പിക്കാനാണ് ലാലു പ്രസാദ് യാദവ് ശ്രമിക്കുന്നത്. നിതീഷ് ബിഹാറിലും താന്‍ ദേശീയതലത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പല സന്ദര്‍ഭങ്ങളിലും ലാലു പ്രസാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, മദ്യ നിരോധനം പ്രചാരണായുധമാക്കി ദേശീയതലത്തില്‍ തന്‍െറ പാര്‍ട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്താന്‍ നിതീഷ് ശ്രമമാരംഭിച്ചതോടെയാണ് ഇരുനേതാക്കളും തമ്മിലെ ബന്ധം മോശമാകാന്‍ തുടങ്ങിയത്’ -ഒരു ജെ.ഡി.യു നിയമസഭാംഗം പറഞ്ഞു.
ദേശീയ നേതാവാകാനുള്ള നിതീഷിന്‍െറ ആഗ്രഹമാണ് കുഴപ്പത്തിന് കാരണമെന്ന് മൂന്ന് ദശാബ്ദത്തോളം ലാലു പ്രസാദിന്‍െറ അടുപ്പക്കാരനായ നേതാവ് പറഞ്ഞു. ജെ.ഡി.യുവിന് ദേശീയതലത്തില്‍ ഇടംനേടിക്കൊടുക്കാനുള്ള നീതിഷിന്‍െറ ശ്രമങ്ങളില്‍ ആര്‍.ജെ.ഡിയിലെ എല്ലാവരും അസംതൃപ്തിയിലാണെന്നും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഇരു പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ ധാരണക്ക് വിരുദ്ധമാണിതെന്നും മറ്റൊരു ആര്‍.ജെ.ഡി എം.എല്‍.എ പറഞ്ഞു. മദ്യനിരോധന കാര്യത്തില്‍ ലാലു പ്രസാദ് ആദ്യം എതിരായിരുന്നുവെന്നും ഭേദഗതി കൊണ്ടുവരാന്‍ ഇപ്പോഴും മുഖ്യമന്ത്രി നിതീഷ് കുമാറില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ സഖ്യത്തിന് രൂപംനല്‍കിയ സാഹചര്യത്തില്‍ യാദവ, മുസ്ലിം വോട്ടുകള്‍ മുലായം സിങ് യാദവിന്‍െറ സമാജ്വാദി പാര്‍ട്ടിക്കുവേണ്ടി സമാഹരിച്ച് നിതീഷിന് പൂട്ടിടാനാണ് ലാലുവിന്‍െറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.