നിതി ആയോഗിന്റെ കണക്കിലെ കാണാകള്ളികൾ; ബാങ്ക് അക്കൗണ്ടിലൂടെയോ ദാരിദ്ര്യ മുക്തി?
text_fieldsനിതി ആയോഗിന്റെ അവകാശവാദം
ഒമ്പത് വർഷത്തിനിടെ, രാജ്യത്ത് ദാരിദ്ര്യം ഗണ്യമായി കുറഞ്ഞുവെന്നാണ് നിതി ആയോഗിന്റെ കണ്ടെത്തൽ. മോദി അധികാരത്തിൽ വന്നശേഷം 24.82 കോടി ആളുകൾ ദാരിദ്ര്യത്തിൽനിന്ന് കരകയറിയത്രെ. അവസാനം പുറത്തുവന്ന രണ്ട് ദേശീയ കുടുംബാരോഗ്യ സർവേ അവലംബിച്ചാണ് നിതി അയോഗ് ഡിസ്കഷൻ പേപ്പർ തയാറാക്കിയിരിക്കുന്നത്. 29.11 ശതമാനമായിരുന്ന ദാരിദ്ര്യനിരക്ക് 11.28 ശതമാനമായി കുറഞ്ഞുവെന്നാണ് അവകാശവാദം. ഇക്കാലത്ത് കൊണ്ടുവന്ന പദ്ധതികളാണ് ദാരിദ്ര്യമുക്തിക്ക് കാരണമായതെന്നും അവകാശപ്പെടുന്നു. ഏറ്റവും കൂടുതൽപേരുടെ ദാരിദ്ര്യം മാറ്റിയത് യു.പിയും ബിഹാറും മധ്യപ്രദേശുമാണെന്നും പറയുന്നു.
മാനദണ്ഡമെന്ത് ?
പരമ്പരാഗതമായി ദാരിദ്ര്യത്തെ നിർവചിക്കുന്നത് ഒരു വ്യക്തിയുടെ/കുടുംബത്തിന്റെ സാമ്പത്തിക വരുമാനം കണക്കാക്കിയാണ്. വരുമാനം മാത്രമായി അളക്കുമ്പോൾ ദാരിദ്ര്യം കണക്കാക്കാനാവില്ലെന്നതിനാൽ ബഹുമുഖ ദാരിദ്ര്യ സൂചിക (എം.പി.ഐ) ആണ് ലോകത്താകമാനം അവലംബിക്കാറുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം തുടങ്ങി 10 സൂചകങ്ങൾ കണക്കിലെടുത്താണ് ദാരിദ്ര്യത്തിന്റെ തോത് കണക്കാക്കുക. ഇതിൽ തീർച്ചയായും വ്യക്തിയുടെയും കുടുംബത്തിന്റെയും വരുമാനവും കണക്കാക്കും.
മാനദണ്ഡം നിതി ആയോഗ് സ്റ്റൈൽ
മേൽസൂചിപ്പിച്ച പത്ത് സൂചകങ്ങൾക്ക് പുറമെ രണ്ടെണ്ണംകൂടി ചേർത്തിരിക്കുകയാണ് നിതി ആയോഗ്. മാതൃആരോഗ്യവും ബാങ്ക് അക്കൗണ്ടും. രാജ്യത്ത് മുപ്പത് വർഷത്തിലധികമായി മാതൃആരോഗ്യത്തിൽ കാര്യമായ പുരോഗതിയുണ്ട്; മോദിയുടെ ‘സാമ്പത്തിക പരിഷ്കരണ’ങ്ങളുടെ ഭാഗമായി ഓരോ പൗരനും ബാങ്ക് അക്കൗണ്ടുമുണ്ടാകും. ഇത് രണ്ടും എം.പി.ഐ മാനദണ്ഡങ്ങളുടെ ഭാഗമാകുന്നതോടെ ദാരിദ്ര്യമുക്തിയുടെ സൂചിക കുത്തനെ ഉയരും. ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഗ്രാഫ് വ്യക്തമാക്കുന്നു.
മൻമോഹൻ VS മോദി
12ൽ 11 സൂചികകളിലും മൻമോഹൻ കാലം മുന്നിലെന്ന് നിതി ആയോഗ് തന്നെ സമ്മതിക്കുന്നു. പത്ത് വർഷത്തെ യു.പി.എ ഭരണകാലത്ത് 27.1 കോടി ആളുകൾ ദാരിദ്ര്യത്തിൽനിന്ന് കരകയറിയെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ, തൊഴിലുറപ്പ് നിയമം, 2009ലെ വിദ്യാഭ്യാസ നിയമം, രാജീവ് ആവാസ് യോജന, ഭക്ഷ്യസുരക്ഷ നിയമം തുടങ്ങിയ പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കിയത്.
2009ൽ ലോകത്തെയാളെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യം രാജ്യത്ത് അനുഭവപ്പെടാതിരുന്നതും മൻമോഹനോമിക്സിന്റെ മേന്മയായി വിലയിരുത്തപ്പെട്ടു. ഈ പദ്ധതികളത്രയും പിന്നീട് കൃത്യതയോടെ തുടരാൻ മോദി സർക്കാറിനായിട്ടില്ല. ഉദാഹരണത്തിന്, മൻമോഹൻ അധികാരത്തിൽ വരുമ്പോൾ ഭവനരഹിതർ 55 ശതമാനമായിരുന്നു; പത്ത് വർഷത്തിനുള്ളിൽ 45 ശതമാനമായി. എന്നാൽ, മോദികാലത്ത് അത് നാല് ശതമാനം മാത്രമാണ് താഴ്ന്നത്. മറ്റെല്ലാ സൂചകങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തിൽ മാത്രമാണ് അപവാദം. 58 ശതമാനത്തിൽനിന്ന് മൂന്നിലേക്ക് മോദി എത്തിച്ചു.
തൊഴിലില്ലായ്മ
നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്തിപ്പോൾ അനുഭവപ്പെടുന്നത്. 2014ൽ, 5.44 ശതമാനമായിരുന്നത് ഇപ്പോൾ 10.05 ശതമാനത്തിലെത്തിനിൽക്കുന്നു. നിതി ആയോഗിന്റെ ദാരിദ്ര്യമുക്ത സൂചികയിൽ തൊഴിലില്ലായ്മ പുറത്താണ്.
കോവിഡ് കാലം മറന്നു
രാജ്യം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ കോവിഡ് കാലത്തെ കണക്കുകളില്ലാതെയാണ് നിതി ആയോഗിന്റെ റിപ്പോർട്ട്. കുടുംബാരോഗ്യ സർവേ വിവരങ്ങൾ ലഭ്യമല്ലാത്തതാണ് ഇതിനു പറയുന്ന കാരണം. രാജ്യം കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ ഒട്ടേറെ റിപ്പോർട്ടുകൾ ഇക്കാലത്ത് വന്നിരുന്നു. ജനങ്ങൾ മൂന്ന് നേരത്തെ ഭക്ഷണം രണ്ടാക്കി ചുരുക്കിയെന്ന റിപ്പോർട്ട് പുറത്തുവന്നതും ഇക്കാലത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.