ന്യൂനപക്ഷ പദവിക്ക് നിതി കടമ്പ
text_fieldsന്യൂഡൽഹി: മത, ഭാഷ ന്യൂനപക്ഷവിഭാഗങ്ങൾക്ക് ഭരണഘടന വ്യവസ്ഥചെയ്യുന്ന സംവരണാനുകൂല്യങ്ങളോടെ വിദ്യാലയങ്ങൾ സ്ഥാപിച്ചുനടത്തുന്നതിന് കേന്ദ്രസർക്കാറിെൻറ പുതിയ കടമ്പ.
വിദ്യാലയങ്ങൾക്ക് ന്യൂനപക്ഷപദവി കിട്ടാൻ സന്നദ്ധസംഘടനകളായി നിതി ആേയാഗിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. ബന്ധപ്പെട്ട ട്രസ്റ്റ്, സൊസൈറ്റി എന്നിവയുടെയും അവയുടെ ഭാരവാഹികളുടെയും നിർണായകവിവരങ്ങളും സാമ്പത്തിക ഇടപാടുകളും ഇതിനായി നിതി ആയോഗ് വെബ്സൈറ്റിലേക്ക് നൽകണം. ഇൗ വിവരങ്ങൾ സർക്കാർ പരിശോധനക്ക് വിധേയമാക്കും. സർക്കാർസഹായം തേടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇൗ രജിസ്ട്രേഷൻ നിർബന്ധമാണ്. നിതി ആേയാഗിെൻറ ‘എൻ.ജി.ഒ ദർപൺ’ എന്ന പോർട്ടലിൽ എൻറോൾ ചെയ്യാൻ ട്രസ്റ്റികളുടെയും സൊസൈറ്റി ഭാരവാഹികളുടെയും പാൻ, ആധാർ വിവരങ്ങൾ അടക്കമുള്ള നിർണായകരേഖകൾ ആവശ്യമാണ്. വിദ്യാലയപ്രവേശനത്തിൽ ന്യൂനപക്ഷവിഭാഗത്തിൽ പെട്ടവർക്ക് പ്രത്യേക ഇളവുകൾ നൽകണമെങ്കിൽ ന്യൂനപക്ഷപദവി ആവശ്യമാണ്.
സർക്കാറിെൻറ ഇടപെടൽ പരിമിതപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സ്വാതന്ത്ര്യം ന്യൂനപക്ഷ പദവി വഴി സ്കൂളുകൾക്കും കോളജുകൾക്കും ലഭിക്കുന്നുണ്ട്. ന്യൂനപക്ഷപദവിക്കായി നൽകുന്ന അപേക്ഷയിലെ വിവരങ്ങളും സന്നദ്ധസംഘടനയുടെ വെബ്സൈറ്റിലെ വിശദാംശങ്ങളും തമ്മിൽ പൊരുത്തപ്പെട്ടില്ലെങ്കിൽ ന്യൂനപക്ഷപദവിയോ ആനുകൂല്യങ്ങളോ ലഭിക്കില്ല. അതേസമയം, വ്യക്തികൾ സ്ഥാപിച്ചുനടത്തുന്ന വിദ്യാലയങ്ങൾക്ക് പുതിയ ചട്ടം ബാധകമല്ലെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമീഷൻ (എൻ.സി.എം.ഇ.െഎ) വ്യക്തമാക്കുന്നു.
നിതി ആേയാഗിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ലഭിക്കുന്ന സവിശേഷ തിരിച്ചറിയൽ നമ്പർ നൽകുന്നമുറക്കുമാത്രമാണ് ന്യൂനപക്ഷപദവി സർട്ടിഫിക്കറ്റ് അനുവദിക്കുക. ഇപ്പോൾ ന്യൂനപക്ഷ സ്ഥാപനകമീഷെൻറ പരിഗണനയിലുള്ള അപേക്ഷകളിൽ വാദംകേൾക്കൽ തുടരും. എന്നാൽ, അവർക്കും ന്യൂനപക്ഷപദവി സർട്ടിഫിക്കറ്റ് കിട്ടാൻ സവിശേഷ തിരിച്ചറിയൽ നമ്പർ ഹാജരാക്കേണ്ടിവരും.
2004ലാണ് ന്യൂനപക്ഷസ്ഥാപന കമീഷൻ നിലവിൽ വന്നത്. രാജ്യത്ത് 12,954 സ്കൂളുകൾക്കും കോളജുകൾക്കും പ്രഫഷനൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കമീഷൻ ഇതിനകം ന്യൂനപക്ഷ പദവി അനുവദിച്ച് സർട്ടിഫിക്കറ്റുകൾ നൽകി. ഇവരോട് ‘ദർപണി’ൽ രജിസ്റ്റർ ചെയ്യാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഭാവിയിൽ നിലവിലെ ന്യൂനപക്ഷസ്ഥാപനങ്ങളും ‘ദർപണി’ൽ രജിസ്റ്റർ ചെയ്യേണ്ടിവന്നേക്കാം. എന്നാൽ, ഇക്കാര്യം ഇപ്പോഴത്തെ വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ല.
ഏതെങ്കിലും മന്ത്രാലയത്തിെൻറ ഗ്രാൻറിന് അപേക്ഷിക്കണമെങ്കിൽ നിതി ആയോഗ് വെബ്സൈറ്റിൽ സന്നദ്ധസംഘടനകൾ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്നിരുന്നു.
എന്നാൽ, സർക്കാർസഹായം ആവശ്യമില്ലാത്ത സന്നദ്ധ സംഘടനകളും ട്രസ്റ്റുകളും ഇത്തരമൊരു രജിസ്ട്രേഷൻ നടത്തേണ്ടിയിരുന്നില്ല. തങ്ങളുടെ താൽപര്യപ്രകാരം വിദ്യാലയങ്ങൾ സ്ഥാപിച്ചുനടത്താൻ മത, ഭാഷ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന മൗലികാവകാശം നൽകുന്നുണ്ട്. സർക്കാറിെൻറ പുതിയ നിബന്ധന ഭരണഘടനയുടെ 30ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാർച്ച് ഒന്നിനാണ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമീഷൻ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ഇതിെൻറ കെണി ബോധ്യപ്പെട്ടത് എൻറോൾമെൻറ് നടപടികളിലേക്ക് ഒാരോരുത്തരായി ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ്.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സാമ്പത്തികസഹായം സ്വീകരിക്കാത്ത ന്യൂനപക്ഷസ്ഥാപനങ്ങൾ നിതി ആയോഗിൽനിന്ന് സവിശേഷ തിരിച്ചറിയൽ നമ്പർ സമ്പാദിക്കേണ്ട കാര്യമെന്താണെന്ന ചോദ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.