റോഡപകടങ്ങൾക്ക് കാരണം സിവിൽ എൻജിനിയർമാർ; അവർക്കെതിരെ കേസെടുക്കണമെന്ന് നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: റോഡപകടങ്ങൾക്ക് കാരണം സിവിൽ എൻജിനിയർമാരാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇവർക്കൊപ്പം കൺസൾട്ടന്റ്മാർക്കും റോഡപകടങ്ങളിൽ പങ്കുണ്ടെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. ഗ്ലോബൽ റോഡ് ഇൻഫ്രാടെക് സമ്മിറ്റ്& എക്സ്പോയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഗഡ്കരിയുടെ പരാമർശം.
നിർമാണത്തിലെ ചില പിഴവുകളും മോശം ഡിസൈനുമാണ് വലിയ രീതിയിൽ അപകടം വർധിക്കാനുള്ള കാരണമെന്ന് ഗഡ്കരി പറഞ്ഞു. വലിയ രീതിയിൽ റോഡപകടങ്ങളുണ്ടാവുന്നത് ഇന്ത്യയെ സംബന്ധിച്ചടുത്തോളം അത്ര നല്ലതല്ല. എല്ലാവർഷവും രാജ്യത്ത് 4.80 ലക്ഷം റോഡപകടങ്ങളുണ്ടാവുന്നുണ്ട്. 1.80 ലക്ഷം പേർ റോഡപകടങ്ങളിൽ മരിക്കുന്നുണ്ട്.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാവുന്നത് ഇന്ത്യയിലായിരിക്കും. മരിക്കുന്നവരിൽ 66.4 ശതമാനവും 18നും 45നും ഇടക്ക് പ്രായമുള്ളവരാണ്. യുവാക്കളുടെ മരണം രാജ്യത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
റോഡപകടങ്ങൾക്ക് കാരണക്കാർ സിവിൽ എൻജിനിയർമാരാണ്. എല്ലാവരേയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ, പത്ത് വർഷത്തെ അനുഭവ സമ്പത്തിൽ നിന്ന് ഇവർ കുറ്റക്കാരെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഡി.പി.ആർ തയാറാക്കുന്നവർ ആയിരക്കണക്കിന് തെറ്റുകളാണ് വരുത്തുന്നത്. രാജ്യത്തെ റോഡുകളുടെ മാർക്കിങ് സിസ്റ്റത്തിലും പോരായ്മകളുണ്ട്. സ്പെയിൻ, ആസ്ട്രേലിയ, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ പോരായ്മ വ്യക്തമാകുന്നത്.
റോഡ് സുരക്ഷക്ക് ഇനി വലിയ പ്രാധാന്യം നൽകും. 2030 ആകുമ്പോഴേക്കും അപകടനിരക്ക് 50 ശതമാനമാക്കി കുറക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വിവിധ ഏജൻസികളും സർക്കാറും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.