ലിവ് ഇൻ റിലേഷനുകൾ നിയമങ്ങൾ ലംഘിക്കുന്നു, സമൂഹത്തെ നശിപ്പിക്കുമെന്ന് നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: ലിവ് ഇൻ റിലേഷനുകളും സ്വവർഗ വിവാഹവും സമൂഹത്തിന്റെ നിയമങ്ങൾക്ക് എതിരാണെന്ന് കേന്ദ്ര-ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇത് സമൂഹത്തിന്റെ തകർച്ചയിലേക്ക് നയിക്കുമെന്നും ഗഡ്കരി പറഞ്ഞു. ലിവ് ഇൻ റിലേഷൻഷിപ്പിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗഡ്കരി.
ലിവ് ഇൻ റിലേഷൻഷിപ്പുകൾ തെറ്റാണെന്ന് ഗഡ്കരി പറഞ്ഞു. യു.കെയിൽ സന്ദർശനം നടത്തിയപ്പോൾ അവർ അനുഭവിക്കുന്ന പ്രധാന പ്രശ്നമെന്താണെന്ന് പ്രധാനമന്ത്രിയോടും വിദേശകാര്യമന്ത്രിയോടും ചോദിച്ചിരുന്നു. സ്ത്രീകൾക്കും പുരുഷൻമാർക്കും വിവാഹം കഴിക്കാൻ താൽപര്യമില്ലാത്തതാണ് വലിയ പ്രശ്നമെന്നാണ് അവർ തന്നോട് പറഞ്ഞത്. എല്ലാവർക്കും ലിവ് ഇൻ റിലേഷൻഷിപ്പിലാണ് താൽപര്യമെന്നാണ് യു.കെ മന്ത്രി പറഞ്ഞത്.
ഇതിന്റെ പ്രശ്നമെന്താണെന്നും താൻ അവരോട് ചോദിച്ചിരുന്നു. ലിവ് ഇൻ റിലേഷൻഷിപ്പിൽ കുട്ടികളുടെ കാര്യമാണ് കഷ്ടമെന്ന് അവർ മറുപടി നൽകി. ഇത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ കാര്യം നോക്കാൻ ആളുണ്ടാവില്ലെന്ന് ഗഡ്കരി പറഞ്ഞു.
ഇന്ത്യക്ക് കൂടുതൽ കുട്ടികളെ ആവശ്യമുണ്ടോയെന്ന ചോദ്യം പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ ശരിയായി വളർത്തുകയെന്നത് രക്ഷിതാക്കളുടെ ചുമതലയാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു. സ്വവർഗ വിവാഹം സമൂഹവ്യവസ്ഥിതിയെ തന്നെ തകർക്കുമെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ വിവാഹമോചനം നിരോധിക്കേണ്ടെന്നും എന്നാൽ, ലിവ് ഇൻ റിലേഷൻഷിപ്പ് രാജ്യത്തിന് നല്ലതല്ലെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.