'നല്ല സേവനങ്ങൾ ആസ്വദിക്കണമെങ്കിൽ ആളുകൾ പണം നൽകേണ്ടി വരും': ഹൈവേകളിലെ ടോൾ പിരിവിനെ കുറിച്ച് നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: മികച്ച റോഡുകൾ പോലെയുള്ള നല്ല സേവനങ്ങൾ വേണമെന്നുണ്ടെങ്കിൽ ആളുകൾ പണം മുടക്കേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാതകളിലെ ടോൾ ചാർജുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. 'നിങ്ങൾക്ക് എയർ കണ്ടീഷൻ സൗകര്യമുള്ള ഹാൾ വേണമെങ്കിൽ പണം നൽകേണ്ടി വരും. അല്ലാത്തപക്ഷം മൈതാനത്ത് പോലും വിവാഹം നടത്താം' -അദ്ദേഹം വ്യക്തമാക്കി.
എക്സ്പ്രസ് ഹൈവേകളിലെ ടോൾ ചാർജുകൾ യാത്ര ചെലവേറിയതാക്കുമോ എന്നായിരുന്നു മാധ്യമപ്രവർത്തകർ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരിയോട് ചോദിച്ചത്. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം നടക്കുന്ന ഹരിയാനയിലെ സോഹ്‌നയിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
ഗുണമേന്മയുള്ള എക്സ്പ്രസ് വേകൾ യാത്രാ സമയവും യാത്രകൾക്കുള്ള ഇന്ധനച്ചെലവും ഗണ്യമായി കുറയ്ക്കുമെന്ന് ഗഡ്കരി പറഞ്ഞു. ഡൽഹി-മുംബൈ എക്സ്പ്രസ് വേ യാത്രാ സമയം 12 മണിക്കൂറായി കുറയ്ക്കും. ഡൽഹിയിൽ നിന്ന് ഒരു ട്രക്കിന് മുംബൈയിലെത്താൻ 48 മണിക്കൂർ എടുക്കും. എന്നാൽ അതിവേഗ പാതയിൽ 18 മണിക്കൂർ മാത്രമേ എടുക്കൂ. അതിനാൽ, ഒരു ട്രക്കിന് കൂടുതൽ ട്രിപ്പുകൾ പോകാൻ കഴിയും, അത് കൂടുതൽ ബിസിനസ് നടക്കുന്നതിലേക്ക് നയിക്കും. -നിതിൻ ഗഡ്കരി പറഞ്ഞു.
ആറ് സംസ്ഥാനങ്ങളെ സ്പർശിച്ച് കടന്നുപോകുന്ന 1,380 കിലോമീറ്റർ നീളമുള്ള എട്ടുവരി എക്സ്പ്രസ് വേ 2023 ഓടെ പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.