ഗഡ്കരിക്ക് കൈക്കൂലിയായി സ്കാനിയ ബസ് നൽകിയത് കൂടുതൽ ഓർഡർ ലഭിക്കാൻ; ആരോപണം തള്ളി മന്ത്രി
text_fieldsന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രിയും ബി.ജെ.പി മുൻ ദേശീയ അധ്യക്ഷനുമായ നിതിൻ ഗഡ്കരിക്ക് ആഡംബര ബസ് കൈക്കൂലിയായി നൽകിയെന്ന വാർത്ത അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഇന്ത്യയിൽ തങ്ങളുടെ ബസുകൾ കൂടുതൽ വിറ്റുപോകാനും സർക്കാർ തലത്തിൽ ഓർഡർ തരപ്പെടുത്താനും വേണ്ടിയാണ് സ്വീഡിഷ് ബസ് നിർമാതാക്കളായ സ്കാനിയ മന്ത്രിക്ക് കൈക്കൂലിയായി ലക്ഷ്വറി ബസ് നൽകിയതെന്നാണ് വെളിപ്പെടുത്തൽ.
സ്കാനിയയുടെ ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി സ്വിഡീഷ് ന്യൂസ് ചാനലായ എസ്.വി.ടിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വാർത്താ ഏജൻസിയായ റോയിേട്ടഴ്സും മറ്റുമാധ്യമങ്ങളും ഇത് ഏറ്റെടുത്തിട്ടുണ്ട്. ഫോക്സ്വാഗൺ കമ്പനിയുടെ ഉടമസ്ഥതിലുള്ള ബസ് നിർമാണ കമ്പനിയാണ് സ്കാനിയ.
2016 അവസാനത്തോടെയാണ് ആഡംബര ബസ് ഗഡ്കരിക്ക് സ്കാനിയ കൈമാറിയതെന്ന് റിപ്പോർട്ടിൽപറയുന്നു. ഇതുസംബന്ധിച്ച് 2017 അവസാനമാണ് സ്കാനിയ ഓഡിറ്റർമാർക്ക് വിവരം ലഭിക്കുന്നത്. ഇതിന് പുറമേ ഇന്ത്യയിലെ കരാറുകൾ ലഭിക്കുന്നതിന് സ്കാനിയ വലിയ രീതിയിൽ കൈക്കൂലി നൽകിയെന്നും കമ്പനി കണ്ടെത്തി.
പ്രത്യേകമായി സജ്ജീകരിച്ച ആഡംബര ബസാണ് ഗഡ്കരിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു കമ്പനിക്ക് കൈമാറിയത്. ഗഡ്കരിയുടെ മകളുടെ കല്യാണത്തിന് ഈ ബസ് ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്. സ്കാനിയയുടെ അഭ്യന്തര അന്വേഷണത്തിൽ ബസുകൾ വിൽക്കാനുള്ള കരാറുകൾ ലഭിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് വൻതോതിൽ കൈക്കൂലി നൽകിയെന്ന് വ്യക്തമായിട്ടുണ്ട്. കേരളത്തിൽ കെ.എസ്.ആർ.ടി.സി അടക്കം ദീർഘദൂര സർവിസുകൾക്ക് സ്കാനിയയെയാണ് ആശ്രയിക്കുന്നത്. ഒരു കോടി രൂപ വരെ വില മതിക്കുന്ന ബസുകളാണ് സ്കാനിയ നിരത്തിലിറക്കുന്നത്.
സ്കാനിയയുടെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം, നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള തെളിവുകളുടെ അഭാവത്തിൽ സ്കാനിയക്കുള്ളിൽ ഇത് ഒതുങ്ങുമെന്നാണ് സൂചന.
ആഡംബര ബസുമായി ഉയർന്ന ആരോപണങ്ങളെല്ലാം നിതിൻ ഗഡ്കരിയുടെ ഓഫീസ് നിഷേധിച്ചു. ആഡംബര ബസ് വാങ്ങിയതിലോ വിൽപന നടത്തിയതിലോ ഗഡ്കരിക്കോ കുടുംബത്തിനോ ഒരു ബന്ധവുമില്ലെന്നാണ് വിശദീകരണം. ഒരു കൂട്ടം മാധ്യമങ്ങൾ മന്ത്രിയുടെ പ്രശസ്തി കളങ്കപ്പെടുത്താൻ നടത്തുന്ന ദുഷിച്ച പ്രചാരണമാണ് ഇതിനുപിന്നിലെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.