കിങ്മേക്കറാകാൻ നിതീഷും നായിഡുവും
text_fieldsന്യൂഡൽഹി: വർഷങ്ങൾക്കുശേഷം പ്രാദേശിക കക്ഷി നേതാക്കൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ കിങ്മേക്കറാകാൻ അവസരം. പത്ത് വർഷത്തെ തേരോട്ടത്തിനുശേഷം ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാത്ത ബി.ജെ.പിയുടെ സഖ്യകക്ഷികളായ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെയും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെയും നിലപാടുകൾ ഇനി നിർണായകമാകും. ബി.ജെ.പിയുമായി സഖ്യത്തിലാണെങ്കിലും നിതീഷിനെയും നായിഡുവിനെയും ഇൻഡ്യ സഖ്യവും പ്രതീക്ഷയോടെ നോക്കുകയാണ്. ബി.ജെ.പിക്കൊപ്പമാണെങ്കിലും ഏത് മുന്നണിയിലേക്കും ചാടൻ മടിയില്ലാത്തവരാണ് ഇരുവരും. ഇൻഡ്യ സഖ്യത്തിന്റെ കൺവീനർ സ്ഥാനം വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്നയാളാണ് നിതീഷ്. ബിഹാറിലെ മഹാസഖ്യത്തിൽ നിതീഷ് തുടർന്നിരുന്നെങ്കിൽ ഇൻഡ്യ സഖ്യത്തിന് ബിഹാറിൽ മികച്ച ജയത്തിനൊപ്പം ഭരണത്തിലേക്കുള്ള വരവ് എളുപ്പമാകുമായിരുന്നു.
നിലവിൽ ജെ.ഡി.യുവിന്റെ 14ഉം ടി.ഡി.പിയുടെ 16ഉം സീറ്റുകൾ സർക്കാർ രൂപവത്കരണത്തിൽ നിർണായകമാണ്. ബി.ജെ.പിയുടെ എതിർപാളയത്ത് പ്രവർത്തിച്ച് പരിചയമുള്ള നിതീഷിനെയും നായിഡുവിനെയും ഇൻഡ്യ സഖ്യ നേതാക്കൾ ചൊവ്വാഴ്ച ഉച്ചക്കുതന്നെ സഖ്യത്തിലേക്ക് ക്ഷണിച്ചാണ് കരുനീക്കം തുടങ്ങിയതെന്ന് മറാത്തി മാധ്യമമായ ലോക്മത് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എൻ.സി.പി നേതാവ് ശരത് പവാർ രണ്ടുപേരെയും ടെലിഫോണിൽ വിളിച്ചതായാണ് റിപ്പോർട്ട്. സ്വന്തം നാട്ടുകാരനായ നായിഡുവിനെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിളിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉപ പ്രധാനമന്ത്രി സ്ഥാനമാണ് നിതീഷിന് വാഗ്ദാനം. ആന്ധ്രപ്രദേശിന് പ്രത്യേക പദവി എന്ന ചിരകാല അഭിലാഷമാണ് നായിഡുവിന് പവാർ വാഗ്ദാനം ചെയ്തത്.
ഇൻഡ്യ സഖ്യത്തിലേക്ക് പോകുന്നതിനെക്കുറിച്ച് നിതീഷിനെ വിളിച്ച നായിഡു അഭിപ്രായമാരാഞ്ഞതായി മറ്റൊരു മാധ്യമവും റിപ്പോർട്ട് ചെയ്തിരുന്നു. നിതീഷും നായിഡുവും എന്ത് മറുപടി പറഞ്ഞുവെന്ന് വ്യക്തമല്ല. എൻ.ഡി.എ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. അതേസമയം, നായിഡുവിനെയും നിതീഷിനെയും ഫോണിൽ വിളിച്ചിട്ടില്ലെന്നാണ് ശരത് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ബി.ജെ.പിക്കൊപ്പം നായിഡുവും നിതീഷും ഉറച്ചുനിൽക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അഴിമതിക്കേസിൽ ജയിലിലായശേഷം ആന്ധ്രയിൽ മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്തുന്ന നായിഡു നേരത്തേ ദേശീയ രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1996ൽ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണിയുടെ കൺവീനറായിരുന്നു. മൂന്ന് വർഷത്തിനുശേഷം 29 സീറ്റുകളുമായി എ.ബി. വാജ്പേയ് സർക്കാറിന് പിന്തുണ കൊടുത്ത ചരിത്രവും ചന്ദ്രബാബു നായിഡുവിനുണ്ട്. 2014ൽ മോദി സർക്കാറിൽ ചേർന്ന നായിഡുവിന്റെ പാർട്ടി 2018ൽ എൻ.ഡി.എയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ച ടി.ഡി.പിക്ക് ഇൻഡ്യ സഖ്യവും അപ്രാപ്യമല്ല. ഏത് പക്ഷത്തേക്കും ചാടി പരിചയമുള്ള നിതീഷ് കുമാർ എൻ.ഡി.എക്കും കോൺഗ്രസിനും ഒപ്പം സഖ്യം ചേർന്ന ചരിത്രമുണ്ട്. എങ്ങോട്ടും ചാടുന്ന നിതീഷിന്റെ സ്വഭാവമാണ് ഇൻഡ്യ സഖ്യത്തിന്റെ അവസാന പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.