‘ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്തുനിന്ന് ജയ് ഷായെ മാറ്റണമെന്ന് നിതീഷും നായിഡുവും’; പ്രചരിക്കുന്ന റിപ്പോർട്ടുകളിലെ സത്യമെന്ത്?
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി.ജെ.പി നേതാവ് അമിത് ഷായുടെ മകൻ ജെയ് ഷായെ മാറ്റണമെന്ന് എൻ.ഡി.എ ഘടകകക്ഷി നേതാക്കളായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ആവശ്യപ്പെട്ടതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. ക്രിക്കറ്റ് മേഖലയിൽ ഒട്ടും പരിചിതനല്ലാതിരുന്ന ജെയ് ഷാ, പിതാവ് കേന്ദ്ര ആഭ്യന്തര മന്ത്രിയായ കാലത്താണ് കോടിക്കണക്കിന് രൂപ വരുമാനമുള്ള ബി.സി.സി.ഐയുടെ തലപ്പത്ത് എത്തുന്നത്. സ്വജനപക്ഷപാതിത്വത്തിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് അന്നേ രൂക്ഷവിമർശനമുയർന്നിരുന്നു. ക്രിക്കറ്റിനെക്കുറിച്ച് ഒട്ടും അവഗാഹമില്ലാത്തൊരാൾ അതിന്റെ സംഘാടന തലപ്പത്തെത്തിയത് ഏറെ വിമർശിക്കപ്പെടുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ്, ജെയ് ഷായെ മാറ്റാൻ ജനതാദൾ (യു) നേതാവ് നിതീഷ് കുമാറും തെലുഗുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ആവശ്യമുന്നയിച്ചതായി സമൂഹ മാധ്യമങ്ങളിൽ പലരും കുറിച്ചത്. ബി.സി.സി.ഐയുടെ ഒരു ചടങ്ങിൽ എഴുതിത്തയാറാക്കിയ പ്രസംഗം തന്നെ വായിക്കാൻ പ്രയാസപ്പെടുന്ന പ്രസംഗത്തിനൊപ്പമാണ് പലരും ഇക്കാര്യം കുറിച്ചത്. ഈ പ്രസംഗം മുമ്പ് നിരവധി ട്രോളുകൾക്കിരയായിരുന്നു.
എന്നാൽ, പ്രചരിക്കുന്ന വാർത്തയിൽ ഒട്ടും വാസ്തവമില്ലെന്നതാണ് സത്യം. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടാതിരിക്കുകയും ജനതാദൾ (യു), തെലുഗുദേശം പാർട്ടി എന്നിവ ഉൾപ്പെടെയുള്ള എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായി കഷ്ടിച്ച് അധികാരം നിലനിർത്തുകയും ചെയ്തതിനു പിന്നാലെയാണ് ഈ വാർത്ത പരന്നത്. കേന്ദ്ര മന്ത്രിസഭയിൽനിന്ന് അമിത് ഷായെ മാറ്റിനിർത്തണമെന്ന് ഈ പാർട്ടികൾ ഉപാധിവെച്ചുവെന്നതടക്കമുള്ള റിപ്പോർട്ടുകൾക്കൊപ്പമാണ് ജെയ് ഷായെ മാറ്റാൻ ആവശ്യപ്പെട്ടുവെന്ന വാർത്തയും ‘വൈറലാ’യത്. ട്രോളുകളുടെ രൂപത്തിൽ ഏതോ ഹാൻഡിലുകൾ പടച്ചുവിട്ട ഊഹാപോഹങ്ങൾ വാർത്ത പോലെ സമൂഹ മാധ്യമമായ എക്സിൽ പ്രചരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.