'പാർട്ടിയെ നയിക്കണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു, ഞാനത് നിരസിച്ചു'- പ്രശാന്ത് കിഷോർ
text_fieldsപട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ജനതാദളിനെ നയിക്കാൻ നിതീഷ് അഭ്യർഥിച്ചരുന്നെന്നും എന്നാൽ താനത് നിരസിച്ചെന്നും കിഷോർ അവകാശപ്പെട്ടു. കിഷോർ നയിക്കുന്ന പദയാത്ര ചൊവ്വാഴ്ച ബിഹാറിലെ ചമ്പാരൻ ജില്ലയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
"2014ലെ ലോക്സഭ തെരഞ്ഞടുപ്പിൽ പരാജയം നേരിട്ടതിനെ തുടർന്ന് അദ്ദേഹം എന്നെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി സഹായിക്കണമെന്നഭ്യർഥിച്ചു. 2015ലെ നിയമസഭ തെരഞ്ഞടുപ്പിൽ വിജയിക്കാനും മുഖ്യമന്ത്രിയാകാനും ഞാൻ അദ്ദേഹത്തെ സഹായിച്ചു. അതിനാലാണ് ഇന്ന് അദ്ദേഹം വാഗ്ദാനങ്ങൾ നൽകുന്നത്"- കിഷോർ പറഞ്ഞു.
പത്ത് പതിനഞ്ച് ദിവസങ്ങൾക്ക് മുമ്പ് നിതീഷ് കുമാർ എന്നെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് വിളിച്ച് വരുത്തിയെന്ന് മാധ്യമങ്ങൾ വഴി നിങ്ങൾ അറിഞ്ഞിരിക്കും. അന്ന് അദ്ദേഹത്തിന്‍റെ പാർട്ടിയെ ഞാൻ നയിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. എന്നാൽ അത് സാധ്യമല്ലെന്ന് ഞാൻ മറുപടി നൽകിയെന്നും കിഷോർ കൂട്ടിച്ചേർത്തു.
പ്രശാന്ത് കിഷോറിന് എവിടെ നിന്നാണ് ഇത്രയും പണമെന്ന ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജൻ സിങിന്‍റെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. തനിക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്നറിയേണ്ടവർ അവരെ പോലെ ദല്ലാൾ പണി ചെയ്യുന്നില്ലെന്ന് മനസിലാക്കണമെന്ന് കിഷോർ മറുപടി നൽകി. തെരഞ്ഞടുപ്പ് എങ്ങനെ വിജയിക്കണം എന്നതിനെക്കുറിച്ച് രാഷ്ട്രീയ നേതാക്കൽ വളരെക്കാലമായി എന്റെ ഉപദേശം തേടുന്നുണ്ട്. ഒരു രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിലുള്ള എന്റെ നേട്ടത്തെ മാധ്യമങ്ങൾ പ്രശംസിച്ചിട്ടുമുണ്ട്. എന്നാൽ ഇന്നേവരെ അതിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കിഷോർ അവകാശപ്പെട്ടു.
പ്രശാന്ത് കിഷോറിന് ബിഹാർ രാഷ്ട്രീയത്തിന്‍റെ എ, ബി, സി, ഡി അറിയില്ലെന്ന് അടുത്തിടെ നിതീഷ് ആരോപിച്ചിരുന്നു. കിഷോറിനെ 2018ലാണ് നിതീഷ് ജെ.ഡി.യുവിൽ ഉൾപ്പെടുത്തിയത്. പിന്നീട് പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിന്‍റെയും പേരിൽ നിതീഷുമായുള്ള തർക്കം രൂക്ഷമായതോടെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.