കരണം മറിഞ്ഞ് നിതീഷ്
text_fieldsന്യൂഡൽഹി: മുന്നണിമാറ്റം പതിവാക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടുമൊരിക്കൽ കൂടി കരണംമറിഞ്ഞ് ബി.ജെ.പി പക്ഷത്തേക്ക്. ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവർകൂടി ഉൾപ്പെട്ട മഹാസഖ്യംവിട്ട് ബി.ജെ.പി പിന്തുണയോടെ ബിഹാറിൽ പുതിയ മന്ത്രിസഭക്കുള്ള ഒരുക്കങ്ങളിലാണ് നിതീഷ്.
അദ്ദേഹം നയിക്കുന്ന ജനതാ ദൾ-യുവിന്റെ നിയമസഭ കക്ഷി യോഗം ഞായറാഴ്ച രാവിലെ പട്നയിൽ വിളിച്ചിട്ടുണ്ട്. അതിനുമുമ്പായി സ്വന്തം എം.എൽ.എമാരുടെ പിന്തുണക്കത്ത് സമാഹരിച്ച് ബി.ജെ.പി നിതീഷിന് കൈമാറുമെന്നാണ് സൂചന.
നീക്കങ്ങൾ പൂർണതോതിൽ ഫലവത്താകുന്ന മുറക്ക് നിതീഷ് മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് രാജിവെക്കുകയും ബി.ജെ.പി പിന്തുണയോടെ പുതിയ മുഖ്യമന്ത്രിയാകാൻ ഗവർണർക്കു മുന്നിൽ അവകാശവാദം ഉന്നയിക്കുകയും ചെയ്യും. ബി.ജെ.പിയും ജനതാദൾ-യുവും ചേർന്നാൽ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് അംഗബലമായി.
2022ലാണ് ബി.ജെ.പിയോട് തെറ്റി ആർ.ജെ.ഡിയുടെയും മറ്റും പിന്തുണയോടെ നിതീഷ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായത്. ഒമ്പതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നത്. പുതിയ സാഹചര്യത്തിൽ അഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തുടങ്ങാനിരുന്ന രണ്ടുദിവസത്തെ ബംഗാൾ യാത്ര മാറ്റിയിട്ടുണ്ട്.
ബി.ജെ.പിയെ നേരിടുകയെന്ന പൊതു ലക്ഷ്യത്തോടെ രൂപവത്കരിച്ച ഇൻഡ്യ മുന്നണിയുടെ നേതൃസ്ഥാനം കിട്ടില്ലെന്നുവന്നതോടെയാണ് പലവിധ കാരണങ്ങൾ എടുത്തിട്ട് ശത്രുപക്ഷവുമായി വീണ്ടുമുള്ള ചങ്ങാത്തം. നിതീഷ് വീണ്ടും എൻ.ഡി.എ സഖ്യകക്ഷിയാകുന്നതിൽ നീരസമുള്ള ചിരാഗ് പാസ്വാൻ ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയെയും മറ്റും കണ്ട് ഉത്കണ്ഠ അറിയിച്ചു.
ചില ഉറപ്പുകൾ കിട്ടിയിട്ടുണ്ടെന്നാണ് ചിരാഗ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അതേസമയം, നിതീഷുമായി ഇനിയൊരു സഖ്യമുണ്ടാവില്ലെന്ന് ആണയിട്ടുപോന്ന ബി.ജെ.പി ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയിൽ വാക്ക് വിഴുങ്ങുന്നതുകൂടിയാണ് കാഴ്ച. രാഷ്ട്രീയത്തിൽ ഒരു വാതിലും അടക്കില്ലെന്നും ആവശ്യമെങ്കിൽ തുറക്കുമെന്നും മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി പറഞ്ഞു.
നിതീഷുമായി ബന്ധപ്പെടാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശ്രമിച്ചെങ്കിലും നടന്നില്ല. മഹാസഖ്യത്തിലെ മറ്റു നേതാക്കൾക്കുനേരെയും നിതീഷ് മുഖം തിരിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ പ്രവേശിക്കുന്നതിനു മുമ്പ് പുതിയ സർക്കാർ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് പിന്നാമ്പുറത്ത് നടത്തുന്നത്.
ബിഹാറിലേക്ക് മുതിർന്ന നിരീക്ഷകനായി ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെ കോൺഗ്രസ് നിയോഗിച്ചു. കോൺഗ്രസിന്റെ നിരുത്തരവാദ നിലപാടുകൾ മൂലം ഇൻഡ്യ മുന്നണി ബിഹാറിലും പശ്ചിമ ബംഗാളിലും പഞ്ചാബിലും തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് ദൾ-യു വക്താവ് കെ.സി. ത്യാഗി പറഞ്ഞു.
79 ഐ.പി.എസ്, 45 ബിഹാർ അഡ്മിനിസ്ട്രേറ്റിവ് സർവിസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് രാഷ്ട്രീയനീക്കങ്ങളുടെ മറ്റൊരു പ്രതിഫലനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.