പരിക്കേറ്റ് ഇൻഡ്യ സഖ്യം
text_fieldsന്യൂഡൽഹി: ബിഹാറിലെ മഹാസഖ്യം ഉപേക്ഷിച്ച് ജനതാ ദൾ-യു നേതാവ് നിതീഷ് കുമാർ ബി.ജെ.പി പാളയത്തിൽ ചേക്കേറുന്നത് ഇൻഡ്യ മുന്നണിക്ക് വലിയ തിരിച്ചടി. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽനിന്ന് സമ്പാദിക്കാവുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കാം എന്നതല്ല പ്രധാന വിഷയം. ഇൻഡ്യ മുന്നണി ദുർബലപ്പെടുന്നുവെന്ന പ്രതീതി ദേശീയതലത്തിൽ ഉണ്ടാക്കിവെക്കുന്നതാണ് നിതീഷ് കുമാറിന്റെ പോക്ക്. ബി.ജെ.പിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നും ഇതു തന്നെ. വർഷങ്ങളായി ഭരണത്തെ നയിക്കുന്നുണ്ടെങ്കിലും, ജനതാദൾ-യു ഒരിക്കലും ബിഹാറിലെ ഏറ്റവും വലിയ കക്ഷിയായിട്ടില്ല. 2010ൽ നിയമസഭയിൽ 115 സീറ്റ് ഉണ്ടായിരുന്ന നിതീഷിന്റെ പാർട്ടി 2015ൽ 71ഉം 2020ൽ 43ഉം സീറ്റിലേക്ക് ശോഷിച്ചു.
എന്നാൽ സോഷ്യലിസ്റ്റ് നേതാവെന്ന നിലയിൽ തുടക്കത്തിൽ നേടിയ പ്രതിച്ഛായയുടെ ബലത്തിൽ, രാഷ്ട്രീയ സാഹചര്യങ്ങളുടെ പേരിൽ ജെ.ഡി.യുവിനേക്കാൾ വലിയ കക്ഷികൾ നിതീഷിനെ മുന്നിൽനിർത്താൻ നിർബന്ധിതമായി. ആർ.ജെ.ഡിക്കാണ് നിലവിലെ നിയമസഭയിൽ കൂടുതൽ സീറ്റ്. എന്നാൽ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചുകൊണ്ട് നിതീഷിനെ മുഖ്യമന്ത്രിയാകാൻ അനുവദിക്കുകയാണ് ആർ.ജെ.ഡി ചെയ്തത്. രണ്ടാമത്തെ വലിയ കക്ഷിയായ ബി.ജെ.പി ഇപ്പോൾ ചെയ്യുന്നതും അതാണ്.
നിതീഷ് ബി.ജെ.പി പാളയത്തിലേക്ക് മടങ്ങിയതുകൊണ്ട് ആർ.ജെ.ഡി, കോൺഗ്രസ്, ഇടതു പാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യത്തിന് സീറ്റെണ്ണം ഗണ്യമായി കുറയണമെന്നില്ല. എന്നാൽ, അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ അകമ്പടിയോടെ ബി.ജെ.പി സൃഷ്ടിക്കുന്ന ജയഭേരിക്ക് പുതിയ ഇനമായി മാറുകയാണ് ഇൻഡ്യയിൽ നിന്നുള്ള നിതീഷിന്റെ കൊഴിഞ്ഞുപോക്ക്.പശ്ചിമ ബംഗാളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും പഞ്ചാബിൽ എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാനും പറഞ്ഞതിനുപിന്നാലെയാണ് ജനതാ ദൾ-യു ഇൻഡ്യ സഖ്യം വിടുന്നത്.
ശിവസേനയിലും എൻ.സി.പിയിലും പിളർപ്പുണ്ടാക്കുകവഴി മഹാരാഷ്ട്രയിൽ അഘാഡി സഖ്യത്തെ ബി.ജെ.പി ദുർബലപ്പെടുത്തിയത് മാസങ്ങൾക്കു മുമ്പാണ്. ഹിന്ദി ഹൃദയഭൂമി മുഴുവൻ ഒപ്പമില്ലെന്ന ചിന്താഭാരമാണ് നിതീഷിനൊപ്പമുള്ള ഭരണപങ്കാളിത്തം പുനഃസ്ഥാപിച്ച് മാറ്റിയെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നത്. ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ഇറങ്ങിപ്പുറപ്പെട്ടയാളെ സ്വന്തം ക്യാമ്പിൽ തിരിച്ചെത്തിക്കുക കൂടിയാണ് ബി.ജെ.പി. ജാതി സെൻസസ് ബിഹാറിൽ നടത്തുകയും ശിപാർശകളുമായി മുന്നോട്ടുപോകുകയും ചെയ്ത മുഖ്യമന്ത്രിയെ, പിന്നാക്കവിഭാഗം നേതാവ് കർപൂരി ഠാകുറിന് ഭാരതരത്നം പ്രഖ്യാപിച്ചുകൊണ്ടുകൂടിയാണ് ബി.ജെ.പി മാടിവിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.