ഇൻഡ്യ സഖ്യത്തിൽ നിന്നിരുന്നെങ്കിൽ നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാമായിരുന്നു -അഖിലേഷ് യാദവ്
text_fieldsന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിൽ നിന്നിരുന്നുവെങ്കിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രിയാവാമായിരുന്നുവെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലേഷ് യാദവിന്റെ പരാമർശം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെ വേണമെങ്കിലും പരിഗണിക്കാം. പക്ഷേ സഖ്യത്തിൽ നിതീഷ് കുമാറിന് വലിയ പിന്തുണ കിട്ടുമായിരുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ബി.ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാർ സർക്കാർ രൂപവത്കരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രസ്താവന. ഞായറാഴ്ച അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും വാർത്തകൾ. നിതീഷിനെ പിന്തുണക്കുന്നതിന് പകരം ബി.ജെ.പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കും. പുതിയ സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെയുള്ള എല്ലാ പൊതുപരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. പുതിയ സർക്കാർ രൂപവത്കരിക്കുന്നതിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സർക്കാർ നിതീഷ് കുമാർ പിരിച്ചുവിടും. ബി.ജെ.പി നേതാവ് സുശീൽ കുമാർ ആയിരിക്കും ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ. സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ സഖ്യം വിടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബി.ജെ.പി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിക്കുകയും ചെയ്തു.
അതിനു പിന്നാലെ ജെ.ഡി.യു സംഘടിപ്പിച്ച കർപ്പൂരി ഠാക്കൂർ അനുസ്മരണത്തിൽ കുടുംബാധിപത്യ രാഷ്ട്രീയത്തെ വിമർശിച്ച് നിതീഷ് കുമാർ സംസാരിച്ചു. തന്റെ ഗുരുവും സോഷ്യലിസ്റ്റ് ഐക്കണുമായ കർപ്പൂരി താക്കൂറിന് പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത് രത്ന നൽകാൻ തീരുമാനിച്ചതിന് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുകയും ചെയ്തു.
ആർ.ജെ.ഡിയുമായുണ്ടാക്കിയ ധാരണപ്രകാരം തേജസ്വി യാദവിന് മുഖ്യമന്ത്രി സ്ഥാനം ലോക്സഭ തെരഞ്ഞെടുപ്പിന് ഒഴിഞ്ഞുകൊടുക്കണം. എന്നാൽ അതിന് നിതീഷ് ഒരുക്കമായിരുന്നില്ല. അതാണ് സഖ്യം വിടാൻ പ്രേരിപ്പിച്ചത്. 2022ലാണ് നിതീഷ് ഏറ്റവുമൊടുവിൽ ബി.ജെ.പി സഖ്യം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.