ഫോൺ ചോർത്തലിൽ എൻ.ഡി.എയിൽ ഭിന്നത; അന്വേഷണം ആവശ്യപ്പെട്ട് നിതീഷ് കുമാർ
text_fieldsന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര ഭരണത്തിലുള്ള എൻ.ഡി.എ മുന്നണിയിൽ ഭിന്നത. ബിഹാർ മുഖ്യമന്ത്രിയും ബി.ജെ.പി സഖ്യകക്ഷി ജെ.ഡി.യുവിന്‍റെ നേതാവുമായ നിതീഷ് കുമാറാണ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു.
'ആളുകളെ ബുദ്ധിമുട്ടിക്കാനും ശല്യപ്പെടുത്താനും ഇത്തരം കാര്യങ്ങൾ ചെയ്യരുത്. എല്ലാ കാര്യവും പരസ്യമാക്കണം. പാർലമെന്‍റിൽ ദിവസങ്ങളായി ഈ വിഷയം ഉയരുന്നു. മാധ്യമങ്ങളിലും വാർത്തകൾ വരുന്നു. അതിനാൽ ഈ വിഷയം ചർച്ച ചെയ്യണം. അന്വേഷിക്കപ്പെടുകയും വേണം' -നിതീഷ് കുമാർ വ്യക്തമാക്കി.
പാർലമെന്‍റ് സമ്മേളനം ആരംഭിച്ചതു മുതൽ പ്രതിപക്ഷ കക്ഷികൾ പെഗസസ് ഫോൺ ചോർത്തലിൽ അന്വേഷണം വേണമെന്നും ചർച്ച ചെയ്യണമെന്നും ആവശ്യപ്പെടുകയാണ്. എന്നാൽ, ഇക്കാര്യത്തിൽ അന്വേഷണമോ ചർച്ചയോ വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഇതോടെ, ഇരുസഭകളും പ്രക്ഷുബ്ധമാണ്.
ഇസ്രയേൽ ചാര സോഫ്റ്റ്വെയർ ആയ പെഗസസ് ഉപയോഗിച്ച് ലോകവ്യാപകമായി ഫോൺ ചോർത്തിയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ ചേർന്ന് പുറത്തുവിട്ട റിപ്പോർട്ട്. ഇന്ത്യയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും നിരവധി മാധ്യമപ്രവർത്തകരുടെയും മറ്റും ഫോണുകളാണ് പെഗസസ് ഉപയോഗിച്ച് ചോർത്തിയതായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.