എൻ.ആർ.സിയോ, എന്തിന്? പൗരത്വപ്പട്ടിക ബിഹാറിൽ നടപ്പാക്കില്ലെന്ന് നിതീഷ്
text_fieldsപട്ന: പൗരത്വഭേദഗതി ബില്ലിനെ പാർലമെൻറിൽ പിന്തുണച്ച എൻ.ഡി.എ സഖ്യകക്ഷി ജനതാദൾ യു പ്രക്ഷോഭത്തിെൻറ രൂക്ഷത കണ്ട് പിന്നോട്ടടിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനൊപ്പം പ്രഖ്യാപിക്കപ്പെട്ട ദേശീയ പൗരത്വപ്പട്ടിക ബിഹാറിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ വെള്ളിയാഴ്ച പ്രസ്താവിച്ചു. ‘‘എൻ.ആർ.സിയോ, എന്തിന്? അതൊരിക്കലും നടപ്പാക്കാൻ പോകുന്നില്ല’’ എന്നായിരുന്നു, പട്നയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി നിതീഷ് പറഞ്ഞത്. ദേശീയ പൗരത്വ രജിസ്റ്ററിനെ ജെ.ഡി.യു പിന്തുണക്കില്ലെന്ന് പാർട്ടി നേതാവും രാഷ്ട്രീയ നയവിദഗ്ധനുമായ പ്രശാന്ത് കിഷോറും വ്യക്തമാക്കി. ഇക്കാര്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ചചെയ്തിട്ടുണ്ടെന്നും ഇതേ നിലപാടാണ് അദ്ദേഹത്തിേൻറതെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് വ്യക്തമാക്കി.
ബിഹാറിൽ എൻ.ആർ.സി നടപ്പാക്കേണ്ട സാഹചര്യമില്ല. രാജ്യത്ത് എൻ.ആർ.സി നടപ്പാക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. 11 സംസ്ഥാനങ്ങൾ ഇതിനകം എൻ.ആർ.സിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. സംസ്ഥാന സർക്കാറിെൻറ സഹായമില്ലാതെ എങ്ങനെയാണ് പൗരത്വ രജിസ്റ്റർ തയാറാക്കുകയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാർ തയാറായില്ലെങ്കിൽ കേന്ദ്രത്തിന് എന്തു ചെയ്യാനാവും. സർക്കാറിനെ പിരിച്ചു വിട്ടാൽ ആറു മാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തുകയും അതേ പാർട്ടി തിരിച്ചുവരുകയും ചെയ്താൽ കേന്ദ്രം എന്തു ചെയ്യുമെന്നും പ്രശാന്ത് കിഷോർ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറിൽ അടക്കം പ്രക്ഷോഭം രൂക്ഷമാവുകയും പാർട്ടിയിൽ തന്നെ നിയമത്തോട് പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നിതീഷ് ചുവടുമാറ്റുന്നത്.
ബി.ജെ.പിക്കെതിരെ എൽ.ജെ.പിയും
ന്യൂഡൽഹി: രാജ്യത്തെ ഒരുവലിയ വിഭാഗം ജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നതാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമുയരുന്ന പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി. പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. പാർലമെൻറിൽ പൗരത്വ നിയമഭേദഗതി ബില്ലിനെ അനുകൂലിച്ച പാർട്ടിയാണ് റാം വിലാസ് പാസ്വാെൻറ എൽ.ജെ.പി.
സമാധാനം നിലനിർത്തണം; ഒരു പൗരെനയും പുറത്താക്കില്ല –ഉദ്ധവ് താക്കറെ
നാഗ്പുർ: പൗരത്വ ഭേദഗതി നിയമത്തിെൻറ പേരിൽ രാജ്യത്തുനിന്ന് പുറത്താക്കപ്പെടുമെന്ന് ഒരു പൗരനും ഭയക്കേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആഹ്വാനംചെയ്തു. മതത്തിെൻറയോ ജാതിയുടെയോ പേരിൽ പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കാൻ സർക്കാർ അനുവദിക്കില്ല. അധികാരികൾക്ക് നിവേദനം നൽകി സമാധാനമാർഗത്തിൽ പ്രതിഷേധിക്കാം. മുഖ്യമന്ത്രി എന്നനിലയിൽ എന്നെയും സമീപിക്കാം. സംസ്ഥാനത്തിെൻറ യശസ്സിന് കളങ്കംവരുത്തുന്ന രീതിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാവരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രതിഷേധങ്ങൾ അക്രമത്തിന് വഴിവെക്കുന്നുണ്ട്. ഇത് അനുവദിക്കരുത്. പൗരത്വ ഭേദഗതി ബിൽ ഇരുസഭകളിലും പാസായെങ്കിലും ഭരണഘടനാപരമായി ഇതുവരെ സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. അതേസമയം, പുതിയ നിയമം ജനങ്ങൾക്കിടയിൽ വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.