തന്നെ മന്ത്രിയാക്കാത്തത് പിന്നാക്ക ജാതിക്കാരിയായത് കൊണ്ടാണോയെന്ന് ജെ.ഡി.യു എം.എൽ.എ; പൊട്ടിത്തെറിച്ച് നിതീഷ് കുമാർ
text_fieldsപട്‌ന: മന്ത്രിസ്ഥാനം ലഭിക്കാത്തതിന് പരസ്യ പ്രതികരണവുമായി എത്തിയ ജെ.ഡി.യു എം.എൽ.എ ബീമ ഭാരതിക്കെതിരെ പൊട്ടിത്തെറിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. "എല്ലാവരെയും എല്ലാ തവണയും മന്ത്രിയാക്കാൻ എനിക്ക് കഴിയില്ല. ബീമ ഭാരതിയും രണ്ട് തവണ മന്ത്രിയായിരുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം അനുവദിക്കാനാവില്ല. പാർട്ടി അവരോട് സംസാരിക്കും. അവർക്ക് മനസ്സിലായാൽ നല്ലത്. അല്ലെങ്കിൽ, അവർക്ക് എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കാം'' നിതീഷ് കുമാർ പറഞ്ഞു.
പാർട്ടിയിലെ മറ്റൊരു എം.എൽ.എയായ ലെഷി സിങ്ങിന് വീണ്ടും മന്ത്രിസഭയിൽ ഇടം നൽകുകയും തന്നെ പരിഗണിക്കാതിരിക്കുകയും ചെയ്തതാണ് ബീമ ഭാരതിയെ പ്രകോപിപ്പിച്ചത്. ലെഷി സിങ് മന്ത്രിയായി തുടരുകയാണെങ്കിൽ താൻ പാർട്ടിയിൽനിന്ന് രാജിവെക്കുമെന്നും ബീമ ഭാരതി ഭീഷണി മുഴക്കിയിരുന്നു.
''ലെഷി സിങ്ങിനെ എപ്പോഴും തെരഞ്ഞെടുക്കുന്നതിൽ എനിക്ക് അസ്വസ്ഥതയുണ്ട്. മുഖ്യമന്ത്രി അവളിൽ എന്താണ് കാണുന്നത്? അവർ തന്റെ പ്രദേശത്തെ സംഭവങ്ങളിൽ ആവർത്തിച്ച് ഇടപെട്ട് പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുന്നു. എന്തുകൊണ്ടാണ് എന്നെ പരിഗണിക്കാത്തത്? പിന്നാക്ക ജാതിക്കാരിയായത് കൊണ്ടാണോ?. ലെഷി സിങ്ങിനെ നീക്കം ചെയ്തില്ലെങ്കിൽ ഞാൻ പാർട്ടിയിൽനിന്ന് രാജിവെക്കും. അവർക്കെതിരായ എന്റെ ആരോപണം തെറ്റാണെങ്കിൽ, ഞാൻ എം.എൽ.എ സ്ഥാനം രാജിവെക്കും" എന്നിങ്ങനെയായിരുന്നു ബീമ ഭാരതിയുടെ പ്രതികരണം.
എന്നാൽ, ലെഷി സിംഗ് 2013, 2014, 2019 വർഷങ്ങളിലും മന്ത്രിയായിരുന്നെന്നും അന്ന് അവർക്കെതിരെ ഇത്തരം ആരോപണം ഉണ്ടായിരുന്നില്ലെന്നും നിതീഷ് കുമാർ പട്‌നയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.