മദ്യം ഹോം ഡെലിവറി വഴി 10,000 കോടി നേടി; നിതീഷ്കുമാറിനെതിരെ ആരോപണവുമായി ബി.ജെ.പി
text_fieldsപാട്ന: ബിഹാറിൽ നിതീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാ ബി.ജെ.പി അധ്യക്ഷൻ സാമ്രാട്ട് ചൗധരി. മദ്യത്തിന്‍റെ ഹോം ഡെലിവറി വഴി ഭരണകക്ഷിയായ ജനതാദൾ (യുണൈറ്റഡ്) 10,000 കോടി രൂപ നേടിയെന്നാണ്, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേര് പരാമർശിച്ച് ചൗധരി ആരോപിച്ചത്. “ഇന്ന് മദ്യം എല്ലാ വീട്ടിലും എത്തിയിരിക്കുന്നു. നിതീഷ് കുമാറിന് ഹോം ഡെലിവറി വഴി പണം ലഭിക്കുന്നു. നിതീഷ് കുമാറിന്റെ പാർട്ടി 10,000 കോടി രൂപയുടെ മദ്യ അഴിമതിയാണ് നടത്തുന്നത്. ഭരണസംവിധാനം മദ്യമാഫിയയുമായി സഹകരിക്കുന്നു. പണമെല്ലാം ജെ.ഡി.യു അക്കൗണ്ടിലെത്തുന്നു...അതുകൊണ്ടാണ് 2024ൽ ബീഹാറിൽ പൂർണ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഞങ്ങൾ ഇന്ന് പ്രതിജ്ഞയെടുക്കുന്നത്”, ചൗധരിയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് 2016ലെ മദ്യ നിരോധന നിയമത്തിലൂടെ മദ്യനിർമാണം, വ്യാപാരം, സംഭരണം, ഗതാഗതം, വിൽപ്പന, ഉപഭോഗം എന്നിവ നിരോധിച്ചിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് ഏഴ് വർഷമായി വ്യാജമദ്യം കഴിച്ച് ആളുകൾ മരിക്കുന്നത് വർധിച്ചിരിക്കുകയാണ്.
സർക്കാർ കണക്കുകൾ പ്രകാരം 2023 ജനുവരി വരെ മദ്യനിരോധന നിയമപ്രകാരം സംസ്ഥാനത്ത് 7,49,000 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം കേസുകളിലെ ശിക്ഷാ നിരക്ക് 21.98% ആണ്.
2024ൽ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരേ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കാനുള്ള ചർച്ചകളുമായി നിതീഷ്കുമാർ മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ബി.ജെ.പി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.