'നിതീഷ് കുമാർ ബി.ജെ.പിയുമായി ചർച്ചയിൽ; വീണ്ടും ഒന്നിച്ചേക്കും'; വെളിപ്പെടുത്തലുമായി പ്രശാന്ത് കിഷോർ
text_fieldsപാട്‌ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ ബി.ജെ.പിയുമായി ചർച്ചയിലാണെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ ബി.ജെ.പിയുമായി നിതീഷ് വീണ്ടും കൈകോർക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ജെ.ഡി.യു ഇത് നിഷേധിച്ച് രംഗത്തെത്തി. രാഷ്ട്രീയ രംഗപ്രവേശനത്തിന്റെ ഭാഗമായി ബിഹാറിൽ നടത്തുന്ന പദയാത്രക്കിടെയാണ് വാർത്ത ഏജൻസിയായ പി.ടി.ഐയോട് പ്രശാന്ത് കിഷോർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജെ.ഡി.യു എം.പിയും രാജ്യസഭ ഉപാധ്യക്ഷനുമായ ഹരിവംശിന്‍റെ മാധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നതെന്നും കിഷോർ പറയുന്നു.
നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ സഖ്യം രൂപപ്പെടുമെന്ന് കരുതുന്നവരെ അമ്പരപ്പിക്കുന്നതാണിത്. അദ്ദേഹം ബി.ജെ.പിയുമായി ചർച്ച തുടരുകയാണ്. അതുകൊണ്ടാണ് ബി.ജെ.പി സഖ്യം വിട്ടിട്ടും ഹരിവംശിനോട് രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കാൻ ജെ.ഡി.യു ആവശ്യപ്പെടാതിരുന്നത്. അനുകൂലമായ സാഹചര്യം എപ്പോൾ വന്നാലും അദ്ദേഹം ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോകുമെന്നത് ജനങ്ങൾ ഓർത്തിരിക്കണമെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
എന്നാൽ, ആരോപണങ്ങൾ തള്ളിക്കളയുന്നതായി ജെ.ഡി.യു വക്താവ് കെ.സി. ത്യാഗി പ്രതികരിച്ചു. ഇനിയൊരിക്കലും ബി.ജെ.പിയുമായി കൈകോർക്കില്ലെന്ന് നിതീഷ് കുമാർ പരസ്യമായി പ്രഖ്യാപിച്ചതാണ്. 50 വർഷമായി രാഷ്ട്രീയത്തിൽ സജീവമാണ് നിതീഷ്. പ്രശാന്ത് കിഷോർ രാഷ്ട്രീയത്തിലെത്തിയിട്ട് ആറു മാസമേ ആയിട്ടുള്ളൂ. ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രശാന്ത് തെറ്റിദ്ധാരണാജനകമായ പരാമർശം നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.