ബിഹാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി നിതീഷ് കുമാർ
text_fieldsപട്ന: ബിഹാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി നിതീഷ് കുമാർ സർക്കാർ. നിതീഷിന്റെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധൻ സർക്കാറാണ് വിശ്വാസം തെളിയിച്ചത്. വിശ്വാസവോട്ടെടുപ്പിനിടെ ബി.ജെ.പി നിയമസഭയിൽ നിന്നും ഇറങ്ങിപോയി. കേന്ദ്രസർക്കാറിനെതിരെ നിതീഷ് കുമാർ വിമർശനം കടുപ്പിച്ചതോടെയാണ് ബി.ജെ.പി ഇറങ്ങിപോയത്.
2017ൽ പട്ന സർവകലാശാലക്ക് കേന്ദ്രപദവി വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് ഇപ്പോഴും യാഥാർഥ്യമായിട്ടില്ലെന്ന് നിതീഷ് കുമാർ കുറ്റപ്പെടുത്തി. ബി.ജെ.പിയുടേതും ആർ.ജെ.ഡിയുടേയും സഖ്യം ദീർഘകാലം നിലനിൽക്കുന്നതായിരിക്കുമെന്ന് തേജസ്വി യാദവും പ്രതികരിച്ചു.
ഓപ്പറേഷൻ മഹാരാഷ്ട്ര ബിഹാറിൽ പരീക്ഷിച്ച് എല്ലാവരേയും ഭയപ്പെടുത്താനായിരുന്നു ബി.ജെ.പി നീക്കമെന്നും തേജസ്വി യാദവ് പ്രതികരിച്ചു. ബിഹാറിലെ ജനങ്ങളുടെ സ്വപ്നം എന്തുവിലകൊടുത്തും യാഥാർഥ്യമാക്കുമെന്നും തേജസ്വി കൂട്ടിച്ചേർത്തു.
വിശ്വാസ വോട്ടെടുപ്പിനിടെ സി.ബി.ഐ റെയ്ഡ്
ന്യൂഡൽഹി: ബിഹാർ നിയമസഭയിൽ നിതീഷ് കുമാർ മന്ത്രിസഭയുടെ വിശ്വാസവോട്ടെടുപ്പിനിടെ, ആർ.ജെ.ഡി നേതാക്കളുമായി ബന്ധമുള്ള 25 ഇടങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലും സി.ബി.ഐ റെയ്ഡ്.
ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഉടമസ്ഥതയിലുള്ളതെന്ന് കരുതുന്ന ഗുരുഗ്രാമിലെ അർബൻ ക്യൂബ്സ് മാളിന്റെ നിർമാണസ്ഥലത്തും റെയ്ഡ് നടന്നു. എം.എൽ.സിയായ സുനിൽ സിങ്, അഷ്ഫാഖ് കരീം എം.പി, ഫയാസ് അഹമ്മദ്, സുബോധ് റോയി എന്നീ ആർ.ജെ.ഡി നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തി. ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ അപകടകരമായ ശക്തിപരീക്ഷണം നടത്തുകയാണെന്ന് ജെ.ഡി.യു നേതാവ് നീരജ് കുമാർ പറഞ്ഞു.
2008-09ൽ വിവിധ റെയിൽവേയിൽ ഗ്രൂപ് ഡി ജീവനക്കാരെ നിയമിച്ചതിൽ ലാലു പ്രസാദ് യാദവും ഭാര്യ റാബ്റി ദേവിയും മക്കളായ മിസയും ഹേമയും ക്രമക്കേട് നടത്തിയെന്നാണ് സി.ബി.ഐ കേസ്. ജോലി സ്ഥിരപ്പെടുത്താനായി വിവിധയിടങ്ങളിൽ ഉദ്യോഗാർഥികൾ റാബ്റി ദേവിക്കും മക്കൾക്കും സ്ഥലം കൈമാറിയതിന്റെ ആധാരം സി.ബി.ഐക്ക് നേരത്തേ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.